മോയിന്‍കുട്ടി വൈദ്യരെ നാം തിരിച്ചറിഞ്ഞത് പാശ്ചാത്യര്‍ പരിചയപ്പെടുത്തിയ ശേഷം: എം.ജി.എസ്
കോഴിക്കോട്: ഇന്ത്യയിലെ ബഹുസ്വര സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് മാപ്പിളപ്പാട്ടുകളെന്ന് ചരിത്രകാരന്‍ എം. ജി. എസ് നാരായണന്‍. സാധാരണക്കാരന് സുഗമമായി മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് അതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മോയിന്‍ കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികളുടെ രണ്ടാം പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രവീന്ദ്രനാഥ ടാഗോറിനെയും മോയിന്‍കുട്ടി വൈദ്യരെയുമെല്ലാം പാശ്ചാത്യര്‍ തിരിച്ചറിയുകയും പരിചയപ്പെടുത്തുകയും ചെയ്തശേഷം മാത്രമാണ് നാം അവരെ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങിയത്. മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ള ഒരു മഹാകവിയുടെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കാന്‍ വളരെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മോയിന്‍ കുട്ടി വൈദ്യരുടെ സമ്പൂര്‍ണകൃതികള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഡോ. എം.ജി.എസ് നാരായണന് നല്‍കി പ്രകാശനം ചെയ്തു. അബൂബക്കര്‍ വടകര ഗ്രന്ഥം പരിചയപ്പെടുത്തി. വൈദ്യരുടെ തിരഞ്ഞെടുത്ത 50 ഇശലുകളുടെ സി.ഡി പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ഡോ. എം. കെ മുനീര്‍ എം.എല്‍.എയ്ക്ക് നല്‍കി നിര്‍വഹിച്ചു. മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ സി. പി സൈതലവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വൈസ് ചെയര്‍മാന്‍ എ. കെ അബ്ദുര്‍ റഹ്മാന്‍, റസാഖ് പയമ്പോട്ട്, അശ്‌റഫ് മടാന്‍, നൗഷാദ് അരീക്കോട്, സംസാരിച്ചു. മാപ്പിള കലാ അക്കാദമി സെക്രട്ടറി ആസാദ് വണ്ടൂര്‍ സ്വാഗതവും കെ. വി അബൂട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."