ഇടതുപക്ഷത്തെ തോൽപ്പിക്കാമെന്ന് സ്വപ്നം കാണുന്നവർക്കുള്ള മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ഫലം: കെ ഇ ഇസ്മായിൽ
ദമാം: എല്ലാവിധ ജാതിമതവർഗ്ഗീയ ശക്തികളെയും ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചു വ്യാപകമായ നുണപ്രചാരണം നടത്തി ഇടതുപക്ഷജനാധിപത്യ മുന്നണിയെ തോൽപ്പിക്കാമെന്ന പ്രതിപക്ഷമുന്നണികളുടെ ചിന്തകൾ, വെറും മലർപ്പൊടിക്കാരന്റെ സ്വപ്‌നമായി അവശേഷിയ്ക്കുമെന്ന് മുൻമന്ത്രിയും, സിപിഐ ദേശീയ നിർവ്വാഹക സമിതി അംഗവുമായ കെ.ഇ.ഇസ്മായിൽ പറഞ്ഞു. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "പ്രവാസികൾ ഹൃദയപക്ഷത്ത്" എന്ന ഓൺലൈൻ തെരഞ്ഞെടുപ്പ് പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷവും, അവർക്ക് പിന്തുണ നൽകുന്ന മാധ്യമങ്ങളും എത്രയൊക്കെ ശ്രമിച്ചാലും പ്രളയവും കൊറോണ രോഗബാധയും പോലുള്ള എല്ലാ പ്രതിസന്ധിഘട്ടത്തിലും സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് അവർക്ക് സുരക്ഷിതത്വവും കരുതലും ക്ഷേമവും നൽകിയിട്ടുള്ള ഇടതുമുന്നണിക്കൊപ്പം മാത്രമേ ജനങ്ങൾ നിൽക്കുകയുള്ളു. ഇടതുപക്ഷത്തിനെതിരായ എല്ലാ നുണപ്രചാരണങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ച പരിപാടിയിൽ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെൻസിമോഹൻ, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ട്രെഷറർ സാജൻ കണിയാപുരം, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി, അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ, ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ മുരളി, നിസ്സാം പുതുശ്ശേരി, മുൻമേഖല സെക്രട്ടറി ഇ.എസ്.റഹീം, മുൻകേന്ദ്രകമ്മിറ്റിഅംഗം ഷാൻ പേഴുംമൂട് എന്നിവർ സംസാരിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാർ, നിസ്സാം കൊല്ലം, സിയാദ്, മിനി ഷാജി, അബ്ദുൾ കലാം, സജീഷ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."