ഹൃദ്രോഗത്തെ പ്രതിരോധിക്കാം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. അടുത്തിടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നടന്ന പഠനങ്ങള്‍ ആശങ്കാജനകമായ വെളിപ്പെടുത്തല്‍ ലോകത്തില്‍ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യം ഇന്ത്യയാണെന്നാണ്. മുന്‍കാലങ്ങളില്‍ ഹൃദ്രോഗം പ്രായമേറുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്ന് ഇത് കൂടുതലും കാണപ്പെടുന്നത് ചെറുപ്പക്കാരിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങളാണ് 80 ശതമാനവും ഇതിനിരകളാകുന്നതും. ആഗോള കൊലയാളിയായി ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കാക്കുന്ന ഈ അസുഖത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യത്തെ കണക്കിലെടുക്കുകയും ചെയ്താല്‍ ചെറുപ്രായത്തില്‍ തന്നെ വരുന്ന ഹൃദ്രോഗങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കും.
ഹൃദയത്തിന് നാലു ഭാഗങ്ങള്‍
ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളെ ഹൃദ്രോഗങ്ങള്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്ന ഈ അവയവത്തിന്റെ വിവിധഭാഗങ്ങളെ നാലായി തിരിക്കാം. അവ പെരികാര്‍ഡിയം(ഹൃദയത്തിന്റെ ആവരണം), മയോകാര്‍ഡിയം(ഹൃദയത്തിന്റെ പേശി), എന്റോകാര്‍ഡിയം(ഹൃദയത്തിന്റെ ഉള്ളിലുള്ള പാട), രക്തധമനികള്‍ എന്നിവയാണ്. ഇവയെ കേന്ദ്രീകരിച്ചുണ്ടാകുന്ന അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍. ഇതില്‍ പ്രധാനം ഹൃദയാഘാതമാണ്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞു കൂടി ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലച്ച് അവ നശിച്ചുപോകുന്ന അവസ്ഥയാണിത്. കൂടാതെ ഹൃദയപേശികളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയാഘാതത്തിന്റെ ഫലമായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന ഹൃദയസ്തംഭനം, കുട്ടികളിലുണ്ടാകുന്ന വാതപ്പനി മൂലം ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, ഹൃദയാവരണമായ പെരികാര്‍ഡിയത്തിനുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയവാല്‍വിനുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയമിടിപ്പിനുണ്ടാകുന്ന വ്യത്യാസങ്ങള്‍, കണക്ടീവ് ടിഷ്യു ഡിസോര്‍ഡര്‍ ( ഉദാ: മര്‍ഫാന്‍ സിന്‍ഡ്രോം), ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസ് എന്നിവയാണവ.
കാരണങ്ങള്‍ രണ്ടുതരം
ഹൃദ്രോഗത്തിനുള്ള കാരണങ്ങളെ നമുക്ക് മോഡിഫിയബിള്‍ എന്നും നോണ്‍ മോഡിഫിയബിള്‍ എന്നും രണ്ടായി തിരിക്കാം. പ്രമേഹം, പുകവലി, അമിത കൊളസ്‌ട്രോള്‍, വര്‍ധിച്ച രക്തസമ്മര്‍ദം, വ്യായാമമില്ലായ്മ, ചിട്ടയില്ലാത്ത ഭക്ഷണക്രമവും ജീവിതരീതിയും, മാനസിക പിരിമുറുക്കം എന്നിവയാണ് മോഡിഫിയബിള്‍. അതേസമയം നോണ്‍ മോഡിഫിയബിളില്‍പ്പെടുന്നത് ജനിതകം, പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ്. നമ്മുടെ പരിശ്രമം കൊണ്ട് ജീവിതരീതിയില്‍ മാറ്റം വരുത്തി മോഡിഫിയബിളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.
ചികിത്സ മൂന്നുവിധം
ഇതിനുള്ള ചികിത്സ മൂന്ന് വിധത്തിലാണുള്ളത്. ഹൃദ്രോഗം കണ്ടെത്തി ആദ്യ ഘട്ടത്തില്‍ മരുന്നുകള്‍ കൊണ്ട് തന്നെ നിയന്ത്രണവിധേയമാക്കാവുന്നതാണ്. രണ്ടാം ഘട്ടം പെര്‍ക്യൂട്ടേനിയസ് കൊറോണറി ഇന്റര്‍വെന്‍ഷന്‍ അഥവാ ആന്‍ജിയോപ്ലാസ്റ്റി. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടായാല്‍ അത് നീക്കുന്നതിനുള്ള ചികിത്സാ മാര്‍ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനു ശേഷം കാല്‍, കൈ എന്നിവയിലൂടെ കത്തീറ്റര്‍ (നേര്‍ത്ത കനം കുറഞ്ഞ ട്യൂബ്) വഴി ബലൂണ്‍ കടത്തിയാണ് ഇത് ചെയ്യുന്നത്. തടസ്സമുള്ള ധമനിയില്‍ ട്യൂബെത്തിച്ച് ബലൂണ്‍ വികസിപ്പിക്കുന്നു. ഇങ്ങനെ ചുരുങ്ങിയ രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം പുനസ്ഥാപിച്ച ശേഷം രക്തധമനികള്‍ വീണ്ടും അടഞ്ഞ് പോകാതിരിക്കാനായി കൊറോണറി സ്‌റ്റെന്റുകള്‍ എന്ന ലോഹഘടകങ്ങള്‍ സ്ഥാപിക്കുന്നു.
ആന്‍ജിയോഗ്രാമില്‍ രണ്ടില്‍ കൂടുതല്‍ ബ്ലോക്കുകളോ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളോ ഉണ്ടെങ്കില്‍ ബൈപ്പാസ് സര്‍ജറിയാണ് പരിഗണിക്കാറ്. ബൈപ്പാസ് സര്‍ജറിയിലൂടെ ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാന്‍ ബ്ലോക്കിന്റെ ഇരുവശത്തും രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുന്നു. ശരീരത്തില്‍ നിന്നു തന്നെയാണ് ഇതിനായി രക്തക്കുഴലുകളെടുക്കുന്നത്. ഇതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി പ്രവഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."