ചക്രവ്യൂഹത്തിലകപ്പെടുന്നവര്‍
പട നയിച്ചു തുടങ്ങിയപ്പോള്‍
പരിക്കുപറ്റിയ അര്‍ജുനന്‍
ചുമരു ചാരിനിന്നു ചൂണ്ടിയ
ദൃക്‌സാക്ഷി സൂക്ഷിപ്പാണ്...
തെളിവാണ്...
പലവഴിക്കു യുദ്ധമിങ്ങനെ
ചുറ്റിക്കറങ്ങിയുരുണ്ടു കയറുമ്പോള്‍
കുരുക്ഷേത്രധര്‍മം മറന്ന്
പിന്നില്‍നിന്നാരോ അമ്പെയ്തിരിക്കുന്നു..!!
എതിര്‍ക്കുന്നവന്റെയാജ്ഞകള്‍,
പ്രജ്ഞകള്‍ രക്തത്തില്‍ കുതിര്‍ത്തി
ചുവന്നൊരു ചെറുനക്ഷത്രത്തെ
ആകാശത്തിനു ചന്തം നല്‍കാനയച്ചിരിക്കുന്നു.
അതൊരു വാല്‍ നക്ഷത്രമായിരിക്കണം.
അപൂര്‍വമായി ജനിക്കുന്നതിന്റെ
ഒറ്റവാലില്‍ കുരുങ്ങിയ ആത്മാവ്
ഇപ്പോഴുമൊരലര്‍ച്ച കേള്‍ക്കുന്നുണ്ട്.
നാന്‍ പെറ്റ പൊന്നേ,
ഉറങ്ങിപ്പോയതാണമ്മ നിന്നെയുദരത്തിലേറി
ജയിച്ചു തിരിച്ചിറങ്ങേണ്ട വിദ്യയറിയുംമുന്‍പേ...
അതുകൊണ്ടു മാത്രമാണെപ്പോഴോ
കാല്‍കീഴിലിട്ടരച്ചു കൊല്ലേണ്ട കരിന്തേളിപ്പഴും
മെത്തയില്‍ കിടന്നുല്ലസിക്കുന്നത്...!
വിഷക്കൂട്ടിനെ വീഞ്ഞാക്കി
ധര്‍മരാജ്യത്തെയൊറ്റുന്നവര്‍...
രണ്ടാം വളവിലെ ഗുഹാമുഖത്തിരുന്ന്
ജലദൂരം ഗണിച്ചായുസ് രേഖ മുറിച്ചത്.
മുതുകില്‍ ശ്വാസം വറ്റുംമുന്‍പ്
കുഞ്ഞുശ്വാസങ്ങളെ നീന്തിയെറിഞ്ഞൊരാള്‍
ഇവിടെയൊറ്റപ്പെട്ട സമര്‍പ്പണവളവില്‍
ധീരസമാധിയായി...
ചുരുക്കമാണ്,
അകത്തു കയറിയിങ്ങനൊരാള്‍
ഇരുളുഭേദിച്ചു മിന്നാമിനുങ്ങാവുന്നത്...
അവന്റെ ചോരയുറ്റാത്ത ആയുധങ്ങള്‍,
കാത്തുനില്‍ക്കാതെ വിടരുന്ന
നിശാപുഷ്പങ്ങള്‍..
ആലിപ്പഴങ്ങള്‍..
ഒറ്റക്കൊരാളിന്റെ ബഹുവചനങ്ങള്‍...
ഒരു കത്തി, കൊടുവാള്‍, ത്രിശൂലം
പിന്നെ കുറച്ചു പച്ചച്ചാണകം
അടുത്ത ഖണ്ഡികയില്‍ ഒളിച്ചിരുന്നവ
ഇത്രയുമായിരുന്നു.
ഒറ്റക്കാലില്‍ നില്‍ക്കുന്ന മീശക്കാരന്‍
ദര്‍പ്പണത്തിനു ചാരാനാരുമില്ലായിരുന്നു.
പ്രതിഫലിപ്പിച്ചതും കളവെന്നു പറഞ്ഞ്
ഞണ്ടുമടകളടച്ചു.
ഗോ കാഷ്ടം ചവിട്ടാതെ
കവലയിലെ കൊടും വളവുകള്‍
കടക്കാനാവുന്നില്ലല്ലോ...
അമ്മയുടെ അകിടറുത്തിട്ടുമവര്‍
അബ്രാഹ്മണനു വേദങ്ങളോട്
കൂറു വേണമെന്നു ശഠിക്കുന്നു...
മതമില്ലാത്ത പ്രണയയുദ്ധം
തിരിഞ്ഞോടാത്തവരില്‍
പാദങ്ങളില്‍ ശൂലം തറച്ച്
വിധവയാക്കുന്നു...
നീല ഷര്‍ട്ടവള്‍ മേലങ്കിയാക്കുന്നു.
വിശക്കുന്നവനെ മോഷ്ടാവാക്കി
കാട്ടുകൊക്കയിലേക്കമര്‍ത്തുന്നു.
പെറ്റിട്ടവള്‍ തന്നെ
ഇളം തുടയിടുക്കുകളിലെ ചോര കൊണ്ട്
ലിംഗവിശപ്പണക്കുന്നു.
സൈനികരെല്ലാം കൂറുമാറി
ഛര്‍ദിച്ചത്
സ്വസ്ഥതയുടെ അന്ത്യശ്വാസത്തിനായിരുന്നോ?
ചക്രവ്യൂഹം...
നെട്ടും ബോള്‍ട്ടുമിളകി
ചുടലപ്പറമ്പ് പോലെയിരിക്കുമ്പോള്‍
നമ്മളെങ്ങനെയാണ്
ജയിച്ചു പുറത്തുകടക്കുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."