മരണത്തിനു പിന്നാലെ ഒരു യാത്ര
'രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളി'യാണു മരണമെന്നു നമുക്ക് ഇടക്കിടെ വെളിപ്പെടാറുണ്ട്. വിളിക്കാതെ വന്ന അതിഥിക്കുള്ളത്ര ഔചിത്യബോധമേ മരണത്തിനുവേണ്ടതുള്ളൂ എന്നു വയ്ക്കാം. മരണത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് എന്താണു പറയാനാവുക. ഭാവനാസമ്പന്നമായ ഈ വലിയ ലോകത്ത് മായാവിലാസങ്ങളാല്‍ പേരുകേട്ട ഒരുപിടി എഴുത്തുകാരുണ്ടായിട്ടുണ്ട്. അവരെല്ലാം മരണത്തെയും പിന്തുടര്‍ന്ന് ആത്മാവിനുപിന്നാലെ യാത്ര ചെയ്യാന്‍ മടിച്ചത് എന്തുകൊണ്ടായിരിക്കാം. തന്റെതന്നെ മരണത്തെപ്പറ്റിയുള്ള ഒരു സ്വപ്നം കഥയാക്കി മാറ്റാന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് ശ്രമിച്ചതും പരാജയം സമ്മതിച്ചു പിന്‍വാങ്ങിയതും എവിടെയോ വായിച്ചതോര്‍ക്കുന്നു.
യുവ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശംസുദ്ദീന്‍ മുബാറക്കിന്റെ 'മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവല്‍ വായിച്ചതില്‍പ്പിറന്ന ആലോചനയാണിത്. ഡി.സി ബുക്‌സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തയ്യിലപ്പറമ്പില്‍ ബഷീറിന്റെ മരണവും മരണാനന്തരം നേരിടുന്ന ജീവിതചിത്രങ്ങളും ചേര്‍ത്തൊരുക്കിയ ഈ നോവല്‍ അതീവ ശ്രദ്ധയാകര്‍ഷിക്കുന്നു. മരണാനന്തരജീവിതം എന്ന പ്രമേയം എത്ര സങ്കീര്‍ണമാണെന്നും ആവിഷ്‌കാരം എത്ര പ്രയാസമാണെന്നും ഊഹിക്കാവുന്നതേയുള്ളൂ. അവിടെയാണു മരണപര്യന്തത്തിന്റെ വ്യത്യസ്തത തിരിച്ചറിയപ്പെടുന്നത്. കേവലമായ പുതുമ മാത്രമല്ലിത്.
'എന്നുടെ ശബ്ദം കേട്ടുവോ വേറിട്ട് ' എന്ന ഉദ്വേഗം മാത്രമല്ല ഈ നോവല്‍ശില്‍പത്തിന്റെ മിഴിവിനാധാരം. അതിലേറെ ഒരുതരം എഴുതാപ്പുറം വായനയുടെ അഭിനിവേശമാണിതിന്റെ പ്രേരകം. മരണത്തിലൂടെ നാം എത്തിപ്പെടുന്നതെങ്ങോട്ട്, അനന്തര ജീവിതയാഥാര്‍ഥ്യങ്ങളെന്തെല്ലാം തുടങ്ങി ഒരു മരണത്തോടൊപ്പം ഒരായിരം ചോദ്യങ്ങളുയരുന്നു. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആത്മാവിന്റെ നാള്‍മൊഴികളായി നോവലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബഷീര്‍ എന്ന സാധാരണക്കാരന്റെ മരണവും പിന്നീട് അയാള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന യാഥാര്‍ഥ്യങ്ങളും ഭാവനാസമ്പന്നമായ ആഖ്യാനചാരുതയിലൂടെ ശംസുദ്ദീന്‍ വരച്ചിടുന്നു. ഭാവനകള്‍ക്കു നിറംപകരുന്നത് ഇസ്‌ലാമിക പ്രമാണങ്ങളാണെന്ന വ്യത്യസ്തതയാണു കൃതിയെ സമ്പന്നമാക്കുന്നത്. രണ്ടുപര്‍വങ്ങളായാണു മരണപര്യന്തം സംഭവിക്കുന്നത്. ബഷീറിന്റെ മരണം മുതല്‍ ലോകാന്ത്യം വരെയുള്ള ഘട്ടം ഒന്നാം പര്‍വം. പുനര്‍ജന്മത്തിന്റെ ഒന്നാംനാള്‍ മുതല്‍ സ്വര്‍ഗപ്രവേശം വരെ നീളുന്നതാണു രണ്ടാം പര്‍വം.
സര്‍ഗരചനകളില്‍ വിരാമബിന്ദുവിന്റെ വേഷമാണു മരണം പലപ്പോഴും അണിയാറുള്ളത്. എന്നാല്‍, മരണപര്യന്തത്തില്‍, മരണത്തിനുശേഷമുള്ള പരീക്ഷണങ്ങളും തുടരനുഭവങ്ങളുമാണ് ബഷീര്‍ പറയുന്നത്. മരണദിവസം മുതലെഴുതിയ ദിനസരിക്കുറിപ്പുകളിലൂടെയാണ് അവ പറയുന്നത് എന്നതും പതിവു നോവല്‍ മാതൃകകളെ പുതുക്കിപ്പണിയുന്നു. മരണത്തെതുടര്‍ന്നുള്ള ദിവസങ്ങളിലെ അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോഴാണു മരണത്തിനുമുന്‍പുള്ള ജീവിതം മിന്നിയും മറഞ്ഞും കടന്നുവരുന്നത്.
നേരിടേണ്ടിവരുന്ന യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ബഷീറിന്റെ പഴയ ഓര്‍മകള്‍ വിളിക്കാതെ പറന്നെത്തുന്നുണ്ട്. ആ ആകസ്മികതകളും പോയ്‌പ്പോരലുകളും ആഖ്യാനത്തിന്റെ മിഴിവ് വര്‍ധിപ്പിക്കുന്നു. ഓര്‍മകളും ന്യായങ്ങളും തേടിയുള്ള ആ പോക്ക് നോവലിന്റെ സഞ്ചാരഗതിക്കുതന്നെ പ്രത്യേകമായൊരു താളം പകരുണ്ട്. ഒട്ടേറെ സന്നിഗ്ധതകളും ഉപകഥകളും നോവലിന്റെ ആഖ്യാനത്തിനു ചാരുതയേറ്റുന്നു. ഗഹനമായ ചിന്തകളുണര്‍ത്തുമ്പോഴും പലയിടങ്ങളിലും നമ്മളിലറിയാതെ ചിരിയുണര്‍ത്താന്‍ പല സന്ദര്‍ഭങ്ങളും കാരണമാവുന്നു.
എടുത്തു പറയേണ്ടതായിതായി ഒരുപാടുണ്ട് ഈ രചനയില്‍. കനമുള്ള പുനരാലോചനകള്‍ക്കു കതിരിടുന്ന ഒരുപിടി ഉദാഹരണങ്ങള്‍. ഒപ്പം കുറേയേറെ സന്ദേഹങ്ങളും ബഷീര്‍ ഉയര്‍ത്തുന്നു. അവനവന്‍ പിറന്നുവീണ മതത്തിനപ്പുറമുള്ള സത്യങ്ങള്‍ അന്വേഷിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ, സര്‍വപ്രതാപങ്ങള്‍ക്കുശേഷം ലോകം തുടങ്ങിയിടത്തേക്കുതന്നെ മടങ്ങുമോ തുടങ്ങിയ സന്ദേഹങ്ങള്‍ ആത്മഗതങ്ങളായും ഓര്‍മപ്പെടുത്തലുകളായും അയാള്‍ ഉരുവിടുന്നു. നമ്മെക്കൊണ്ട് ആലോചിക്കാനും ഈ സന്ദേഹങ്ങള്‍ക്കാവുന്നു എന്നതാണു വിജയം. ഗര്‍ഭപാത്രത്തിലിരിക്കെ അതിനു പുറത്ത് വിശാലമായൊരു ലോകമുണ്ടെന്നു കേട്ടപ്പോള്‍ തോന്നിയ അവിശ്വാസം തന്നെയാണു പരലോകത്തെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മക്കു കാരണമെന്നു വൈകിയെങ്കിലും ബഷീര്‍ തിരിച്ചറിയുന്നു. ബഷീറിലൂടെ വായനക്കാരനും തിരിച്ചറിയുന്നു അക്കാര്യം.
സര്‍ഗരചനകളില്‍ ബൃഹദാഖ്യാനങ്ങളുടെ ഗണത്തിലാണു നോവലിനു സ്ഥാനം. അനിവാര്യമല്ലാത്തതും കഥാഗതിക്കനുഗുണമാവും വിധമുള്ള നീട്ടലും കുറുക്കലും നോവലില്‍ പുതുമയല്ല. എന്നാല്‍ അക്കൂട്ടത്തില്‍നിന്നു മരണപര്യന്തം മാറിനില്‍ക്കുന്നു. അപ്രസക്തമാംവിധം ഒന്നും എടുത്തുകാണിക്കാനില്ലാത്തതും പ്രമാണഭദ്രത അവകാശപ്പെടാനാവുന്നതും ഈ കൃതിയുടെ അലങ്കാരമായി കാണാമെന്നു മാത്രം പറയാം. വായിച്ചു താഴെവയ്ക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളിന്നുള്ളില്‍ കൊള്ളിയാന്‍മിന്നല്‍ പോലൊരു വെളിച്ചക്കീറ് സൃഷ്ടിക്കാന്‍ മരണപര്യന്തത്തിനു കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."