അമൃത്: കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ കൈകഴുകി കോഴിക്കോട് കോര്‍പറേഷന്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍നിന്നു കൈകഴുകി കോഴിക്കോട് കോര്‍പറേഷന്‍. കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുത്തത് സംസ്ഥാന ശുചിത്വമിഷനാണെന്നും നിര്‍ദേശങ്ങള്‍ പാലിച്ച് റാം ബയോളജിക്കല്‍സിന് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കരാര്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശുചിത്വമിഷന്‍ എം പാനല്‍ ചെയ്തിട്ടുള്ള രണ്ട് കമ്പനികളില്‍ നിന്നാണ് ഡി.പി.ആര്‍ ക്ഷണിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കണ്‍സള്‍ട്ടന്‍സിക്കായി റാം ബയോളജിക്കല്‍സ് 2.33 ശതമാനവും കോണ്‍ഫിഡന്റ് എന്‍ജിനീയറിങ് കോയമ്പത്തൂര്‍ 3 ശതമാനവുമായിരുന്നു തുക ക്വാട്ട് ചെയ്തിരുന്നത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത റാം ബയോളജിക്കല്‍സിനെ ചര്‍ച്ചക്കു വിളിച്ചു അവരുമായി സംസാരിച്ച് നിരക്ക് 2.2 ശതമാനമാക്കി നിജപ്പെടുത്തി കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരത്തോടെ കരാര്‍ നല്‍കുകയായിരുന്നു.
റാം ബയോളജിക്കല്‍സ് തയാറാക്കിയ കരട് ഡി.പി.ആര്‍ ഭരണാനുമതിക്കായി സംസ്ഥാന തലത്തിലേക്ക് അയക്കുകയും 2017 ഒക്‌ടോബര്‍ 31ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അമൃത് സംസ്ഥാനതല ഉന്നതാധികാര സമിതി പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. 116.5 കോടിയുടെ കോഴിക്കോട് നഗരത്തിലെ സ്വീവറേജ് പദ്ധതിക്കായുള്ള കണ്‍സള്‍ട്ടന്‍സിക്കായി ശുചിത്വമിഷന്‍ അംഗീകരിച്ച പാനലിലും കോഴിക്കോട്ടെ റാം ബയോളജിക്കല്‍സും കൊച്ചിയിലെ അള്‍ട്രാടെക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡുമായിരുന്നു ഉണ്ടായിരുന്നത്. റാം ബയോളജിക്കല്‍സ് 1.46 ശതമാനവും അള്‍ട്രാടെക് 1.6 ശതമാനവുമായിരുന്നു തുക ക്വാട്ട് ചെയ്തിരുന്നത്. ഇതു പ്രകാരമാണ് റാം ബയോളജിക്കല്‍സിന് കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തിയത്.
അമൃത് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു വീഴ്ചയും കോര്‍പറേഷന് ഉണ്ടായിട്ടില്ല. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് അമൃത് സ്‌റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റു യൂനിറ്റും കോഴിക്കോട് കോര്‍പറേഷനും പ്രവൃത്തി കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. റാം ബയോളജിക്കല്‍സ് ശുചിത്വമിഷന്റെ എം പാനലില്‍ വന്നതിന് കോര്‍പറേഷനല്ല ഉത്തരവാദിയെന്നും കമ്പനിയില്‍ മികച്ച യോഗ്യതയുള്ള വിദഗ്ധര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റാം ബയോളജിക്കല്‍സ് നല്‍കിയ ഡി.പി.ആര്‍ പ്രകാരം നഗരത്തിലെ സ്വീവറേജ് പദ്ധതിയ്ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജല മലിനീകരണ പ്ലാന്റും കരാറുകാര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ സ്വീകരിക്കാനും കോര്‍പറേഷന്‍ നടപടി തുടങ്ങി. 84 കോടിയുടെ മെഡിക്കല്‍ കോളജിലെ ജല മലിനീകരണ പ്ലാന്റിനുള്ള ടെന്‍ഡര്‍ ഈ മാസം 23 വരെ നല്‍കാം. 26ന് ടെന്‍ഡര്‍ ഉറപ്പിക്കും. നഗരത്തിലെ സ്വീവറേജ് പദ്ധതിയ്ക്കുള്ള പുതിയ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."