ദ.കൊറിയന്‍ പ്രസിഡന്റിന് വേട്ടപ്പട്ടികളെ സമ്മാനിച്ച് ഉ.കൊറിയ
പ്യോങ്‌യാങ്: കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഇനി രണ്ടു വേട്ടപ്പട്ടികളും. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അയല്‍രാജ്യമായ ദക്ഷിണ കൊറിയക്കുവേണ്ടി സമര്‍പ്പിച്ച പുതുപുത്തന്‍ സമ്മാനമാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുതയൊഴിഞ്ഞു സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് കിമ്മിന്റെ സമ്മാനം ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നിനെ തേടിയെത്തിയത്.
മൂണിന്റെ കൊട്ടാരമായ ബ്ലൂ ഹൗസ് ആണു പട്ടിയെ സ്വീകരിച്ച വിവരം പുറത്തുവിട്ടത്. ആഴ്ചകള്‍ക്കുമുന്‍പ് പ്യോങ്‌യാങ്ങില്‍ നടന്ന മൂന്നാമത് കിം-മൂണ്‍ കൂടിക്കാഴ്ചയ്ക്കിടെ 'പട്ടി പാരിതോഷികത്തെ' കുറിച്ച് ഉ.കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നതായും ബ്ലൂ ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനികേതര മേഖല (ഡി.എം.ഇസഡ്)യും ദ.കൊറിയയിലെ പാന്‍മുന്‍ജോം സമാധാന ഗ്രാമവും കടന്നാണു പട്ടികള്‍ ബ്ലൂ ഹൗസില്‍ എത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ചരിത്രം കുറിച്ച ആദ്യ കൂടിക്കാഴ്ചയ്ക്കിടെ കിം ജോങ് ഉന്‍ മൂണിനൊപ്പം ഈ മേഖലയിലേക്കു പ്രവേശിച്ചിരുന്നു.
യജമാനഭക്തിക്കു പേരുകേട്ട രണ്ടു പട്ടികളും കടുവകളെപ്പോലും വേട്ടയാടാന്‍ കെല്‍പ്പുള്ള മൃഗങ്ങളാണ്. ഉ.കൊറിയയുടെ ദേശീയ സ്മാരക മൃഗങ്ങളായി ഇവയെ പ്രത്യേകം ആദരിച്ചിരുന്നു. ഇനിമുതല്‍ ദ.കൊറിയയുടെ 'പ്രഥമ പട്ടി' ടോറിക്കൊപ്പം ബ്ലൂ ഹൗസിലായിരിക്കും ഇവയുടെ ജീവിതം. ബ്ലൂഹൗസില്‍ ആദ്യമായി അഭയം ലഭിക്കുന്ന പട്ടിയാണ് ടോറി. മൃഗസ്‌നേഹിയായ മൂണ്‍ കഴിഞ്ഞ ജൂലൈയില്‍ സ്വന്തമാക്കിയതാണ് ടോറിയെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."