ഗൾഫ് ഉച്ചകോടി അടുത്ത മാസം സഊദിയിൽ; പ്രതിസന്ധി പരിഹാരം മുഖ്യ അജണ്ട
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി അടുത്ത മാസം സഊദിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഈ മാസാവസാനം ബഹ്‌റൈനിൽ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ജനുവരി അഞ്ചിന് സഊദി തലസ്ഥാന നഗരിയായ റിയാദിൽ ജിസിസി ഉച്ചകോടി ചേരുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുവൈത്ത് പത്രമാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്‌തത്. റിയാദിൽ ചേരുന്ന ജിസിസി ഉച്ചകോടി ഓൺലൈൻ വഴി അല്ലെന്നും രാഷ്‌ട്ര നേതാക്കൾ റിയാദിലെത്തി നേരിട്ട് പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. 2017 സഊദിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഖത്തർ ഉപരോധം ഉൾപ്പെടുന്ന ഗൾഫ് പ്രതിസന്ധിയായിരിക്കും ഉച്ചകോടിയിൽ പ്രധാന അജണ്ടയെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടി ജി.സി.സി ആസ്ഥാനമന്ദിരത്തിന് ആതിഥ്യം വഹിക്കുന്ന സഊദിയിലേക്ക് തന്നെ മാറ്റിയത് പ്രതിസന്ധി പരിഹരിച്ചതായുള്ള പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായെന്നാണ് സൂചന. ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിക്കുമെന്നും ഇതിനായി അമേരിക്കയും കുവൈത്തും നടത്തുന്ന ശ്രമങ്ങൾ വിജയം കണ്ടുവെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരുടെ ശ്രമങ്ങളെ ഉപരോധത്തിന് നേതൃത്വം നൽകുന്ന സഊദിയും മറ്റു രാജ്യങ്ങളും പ്രകീർത്തിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നലെയാണ് ഉടൻ പരിഹാരം ഉണ്ടാകുമെന്ന വാർത്തകൾ വന്നിരുന്നത്. ഈ മാസാവസാനം ബഹ്‌റൈനിൽ വെച്ച് ചേരുന്ന ഉച്ചകോടിയിൽ പരിഹാര പ്രഖ്യാപനം ഉണ്ടാകുമെനന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.
ഇതിനിടെയാണ് ഉച്ചകോടി സഊദിയിലെ റിയാദിലേക്ക് മാറ്റിയെന്നും ഗൾഫ് സഹകരണ കൗൺസിലിൽ അംഗ രാജ്യങ്ങളായ സഊദിക്ക് പുറമെ ബഹ്‌റൈൻ, യുഎഇ, ഒമാൻ, കുവൈത്, ഖത്തർ രാഷ്ട്ര നേതാക്കൾ നേരിട്ടെത്തുമുന്നുള്ള വാർത്തകൾ പുറത്ത് വന്നത്. സാധാരണ രീതിയിൽ രാഷ്‌ട്ര തലവന്മാർ തന്നെയാണ് ഉച്ചകോടിയിൽ പങ്കെടുക്കാറുള്ളത്. എന്നാൽ, പ്രതിസന്ധി ആരംഭിച്ചതിന് ശേഷം സഊദിയിൽ നടന്ന ഉച്ചകോടികളിൽ ഖത്തർ പ്രതിനിധികൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഈ ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."