HOME
DETAILS

കണ്ടുപഠിക്കണം കര്‍ഷകപ്രക്ഷോഭം

  
backup
December 12 2020 | 23:12 PM

veenduvicharam-13-12-2020

 


സ്വാതന്ത്ര്യസമരനായകന്മാരെ തന്റെ അധികാരത്തിന്റെ ധവളിമയിലേയ്ക്കു വിളിച്ചു വരുത്തി, താന്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ഇന്ത്യയെ വെട്ടിമുറിച്ചു സ്വാതന്ത്ര്യം നല്‍കാന്‍ ശ്രമിച്ച വൈസ്രോയി മൗണ്ട് ബാറ്റനെ ഗാന്ധിജി മധുരമായി നാണം കെടുത്തിയ ഒരു സന്ദര്‍ഭം ഇന്ത്യാ ചരിത്രത്തിലുണ്ട്.
രാജകൊട്ടാരങ്ങള്‍ തോല്‍ക്കുന്ന വൈസ്രോയി ഭവനത്തിലേയ്ക്ക് ഗാന്ധിയെ പ്രാതല്‍ചര്‍ച്ചയ്ക്കു ക്ഷണിച്ചതായിരുന്നു മൗണ്ട് ബാറ്റന്‍. പ്രൗഢിയുടെ മകുടോദാഹരണമായ ആ ആഡംബര സൗധത്തിലിരുന്ന്, സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഇന്ത്യയിലെ അധിപനോടു സംസാരിക്കുമ്പോള്‍ പട്ടിണിപ്പാവങ്ങളുടെ നേതാവ് അനുസരണയുള്ളവനായിത്തീരുമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ പ്രതീക്ഷ.
പക്ഷേ.., ഗാന്ധിജി തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു.ഇതിനിടയില്‍ മൗണ്ട് ബാറ്റന്‍ ഗാന്ധിയെ പ്രാതലിന് ക്ഷണിച്ചു. ഗാന്ധി സമ്മതം മൂളി. വൈസ്രോയി ഭവനത്തിലെ വെള്ളിപ്പാത്രങ്ങള്‍ ഭക്ഷണമേശയില്‍ നിരന്നു. അവയില്‍ രുചികരമായ ഭക്ഷണപദാര്‍ഥങ്ങളും നിറഞ്ഞു.
ഗാന്ധി പക്ഷേ.., ആ വിഭവങ്ങളിലേയ്ക്കു കൊതിയോടെ നോക്കിയില്ല. ഭക്ഷണമേശയിലെ വിലപിടിപ്പുള്ള വെള്ളിപ്പാത്രങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ കണ്ണു തിളങ്ങിയില്ല.
പകരം, അദ്ദേഹം തന്റെ സഹായിയെ വിളിച്ചു തന്റെ ഭക്ഷണം വിളമ്പാന്‍ നിര്‍ദേശിച്ചു. സഹായി ഗാന്ധിക്കു മുന്നിലെ വെള്ളിപ്പാത്രം എടുത്തു മാറ്റി പകരം ഒരു തകരപ്പാത്രം വച്ചു. അതില്‍ പുളിക്കാത്ത തൈര്‍ക്കട്ടി ഒഴിച്ചു. അതു രുചിയോടെ കഴിക്കുന്നതിനിടയില്‍ ഗാന്ധി ആ പാത്രത്തിന്റെ കഥയും താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മഹത്വവും മൗണ്ട് ബാറ്റനു മുന്നില്‍ വാചാലമായി അവതരിപ്പിച്ചു.


സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയതിനു ബ്രിട്ടിഷ് ഭരണകൂടം തുറുങ്കിലടച്ചപ്പോള്‍ യെര്‍വാദ ജയിലില്‍ വച്ചു ഗാന്ധിക്കു ഭക്ഷണം കഴിക്കാന്‍ കിട്ടിയതായിരുന്നു ആ തകരപ്പാത്രം. ഇന്ത്യയിലെ രാജാധിരാജനായി വിലസുന്ന വൈസ്രോയിയുടെ ഊണ്‍മേശയില്‍ വച്ച് ആ തകരപ്പാത്രത്തില്‍, ഇന്ത്യയിലെ ദരിദ്രകര്‍ഷകരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഭക്ഷണം കഴിച്ചുകൊണ്ട് ഗാന്ധി നടത്തിയത് മൗണ്ട് ബാറ്റന്റെ, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ അധികാരഗര്‍വിന്റെ പത്തി താഴ്ത്തുന്ന പ്രതിഷേധ സമരമായിരുന്നു. അതിന്റെ ആത്മാര്‍ഥമായ തനിയാവര്‍ത്തനം ഈയിടെ അതേ രാജ്യതലസ്ഥാനത്തുണ്ടായി. തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പുത്തന്‍ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധസമരം നടത്തുന്ന കര്‍ഷകരുടെ പ്രതിനിധികളില്‍ നിന്നാണ് അത്തരമൊരു മധുരമായ പ്രതിഷേധപ്രതികരണമുണ്ടായത്.
ഉപാധികളും പിടിവാശിയുമില്ലാത്ത ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞു കര്‍ഷകപ്രതിനിധികളെ വിളിച്ചു വരുത്തി, കാര്‍ഷികരംഗത്തെ വിദഗ്ധന്മാരെന്നു പറയുന്ന ചിലരെക്കൊണ്ടു പുതിയ നിയമത്തിന്റെ മഹത്വത്തെക്കുറിച്ചു ക്ലാസെടുപ്പിക്കുകയും പിന്നീട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വാഗ്ദാനം ചെയ്തു തങ്ങളെ പാട്ടിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത കേന്ദ്രമന്ത്രിമാര്‍ക്കു മുന്നിലായിരുന്നു കര്‍ഷകരുടെ മധുരപ്രതികാരം.


തങ്ങള്‍ക്കു വേണ്ടി ഊണ്‍മേശയില്‍ നിരത്തിയ രാജകീയ വിഭവങ്ങള്‍ അവര്‍ കൈയോടെ നിരസിച്ചു. പകരം, തങ്ങള്‍ക്കൊപ്പം തെരുവില്‍ സമരം ചെയ്യുന്ന ലക്ഷക്കണക്കിനു കര്‍ഷകര്‍ക്കായി തെരുവില്‍ പാകം ചെയ്ത ചപ്പാത്തിയും ദാല്‍ കറിയും അവര്‍ രുചിയോടെ കഴിച്ചു, ഊണ്‍മേശയില്‍ വച്ചല്ല, നിലത്തിരുന്ന്. ഗാന്ധിജി ചെയ്തപോലെ അവര്‍ തങ്ങളുടെ ഭക്ഷണത്തില്‍ പങ്കാളികളാകാന്‍ കേന്ദ്രമന്ത്രിമാരെയും കാര്‍ഷിക രംഗത്തെ വിദഗ്ധരെയും ക്ഷണിക്കുകയും ചെയ്തു. നക്കാപ്പിച്ച കാട്ടി, കര്‍ഷകരെ വരുതിയിലാക്കാമെന്ന ഭരണകൂട ഗര്‍വിന്റെ നെറുകയില്‍ പതിച്ച ആഘാതമായിരുന്നു അത്. ഈ രണ്ടു സംഭവങ്ങളും ഇവിടെ അവതരിപ്പിച്ചത് രാഷ്ട്രീയക്കാരുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയാണ്.
2020 നവം. 26 ന് ആരംഭിച്ച ദില്ലി ചലോ എന്ന കര്‍ഷകമാര്‍ച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു ശേഷം നടന്ന ഏറ്റവും ശ്രദ്ധേയമായ, ഏറ്റവും പ്രകീര്‍ത്തിക്കപ്പെടേണ്ട ജനകീയപ്രക്ഷോഭമാണ്. സ്വാതന്ത്ര്യസമരം ജാതി, മത, സാമ്പത്തിക, സാമൂഹിക വിവേചനങ്ങളും വിഭാഗീയതയും ബാധിക്കാത്ത സമ്പൂര്‍ണമായ ജനകീയപ്രക്ഷോഭമായിരുന്നു. അക്കാലത്തു ബ്രിട്ടിഷുകാര്‍ അധികാരക്കസേര നിലനിര്‍ത്താന്‍ ഇന്ത്യന്‍ ജനതയെ സാമുദായികമായി അകറ്റാന്‍ ശ്രമിച്ചിട്ടും ശക്തമായ ജനകീയപ്രക്ഷോഭത്തിന് ഭാരതത്തില്‍ സ്വാതന്ത്ര്യത്തിന്റെ ഊഷ്മളവായു എത്തിക്കാനായി.
ഇക്കാലത്ത്, അധികാരം നിലനിര്‍ത്താന്‍, വര്‍ഗീയ ഫാസിസ്റ്റുകള്‍ അതേ ബ്രിട്ടിഷ് തന്ത്രം പയറ്റി മുന്നേറിക്കൊണ്ടിരിക്കുകയും മാനസികമായി വിഭജിക്കപ്പെടുന്ന വേദനാജനകമായ അവസ്ഥയ്ക്കു മുന്നില്‍ രാജ്യം മുഴുവന്‍ ഭയചകിതരും പ്രതിപക്ഷരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അസ്തവീര്യരായും നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ കര്‍ഷകര്‍ ഭരണകൂടത്തെ കിടുകിടെ വിറപ്പിക്കുന്ന പ്രക്ഷോഭവുമായി രംഗത്തുവന്നിരിക്കുന്നത്.
ഈ സമരത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ രാഷ്ട്രീയ നേതാവോ മുന്നില്‍നിന്നു നയിക്കുന്ന പ്രക്ഷോഭമല്ല ഇത്. ഈ സമരത്തിന് ഒരു രാഷ്ട്രീയ അജന്‍ഡയുമില്ല. ഉള്ള ഏക അജന്‍ഡ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തങ്ങളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ടുവാരാനുള്ള അവസരം നല്‍കുന്ന പുത്തന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതു മാത്രമാണ്. സ്വാതന്ത്ര്യസമരകാലത്തു ജനങ്ങള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനു നേരേ ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം പോലെ, ഇന്നു കര്‍ഷകര്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും അവരുടെ വൈതാളികര്‍ക്കും നേരേ ഉയര്‍ത്തുന്ന മുദ്രാവാക്യം 'ഞങ്ങളുടെ കൃഷിഭൂമിയില്‍ നിന്നു പുറത്തുപോകുക' എന്നതാണ്.


തിരുവായ്ക്ക് എതിര്‍വാ ഉണ്ടാവാന്‍ പാടില്ലെന്ന വാശിയില്‍ പ്രതിപക്ഷ നേതാക്കളുടെയും എതിരാളി പാര്‍ട്ടികളുടെയും നാവരിഞ്ഞു മുന്നേറിക്കൊണ്ടിരിക്കുകയായിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നേതാക്കളും കൊടികളുമില്ലാത്ത ഈ കര്‍ഷകമുന്നേറ്റത്തിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ കരിവാരിത്തേയ്ക്കാന്‍ ശ്രമിച്ചിട്ടും പൊലിസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും കണക്കറ്റ ക്രമിനല്‍ കേസുകള്‍ എടുത്തിട്ടും ഒന്നും ഫലിക്കാത്ത ഘട്ടത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചര്‍ച്ച നടത്തിയിട്ടും കര്‍ഷകരെ വരുതിയിലാക്കാനോ അവരുടെ സമരവീര്യം കുറയ്ക്കാനോ അവരുടെ ഐക്യം തകര്‍ക്കാനോ ഇതുവരെ മോദി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.പ്രക്ഷോഭകര്‍ക്ക് എത്രനാള്‍ ഇങ്ങനെ പിടിച്ചുനില്‍ക്കാനാകുമെന്ന ചോദ്യം ഇത്ര നാളായിട്ടും ആരുടെയും മനസില്‍ ഉയരുന്നില്ല. ഉയരുന്ന ചോദ്യം എത്രനാള്‍ സര്‍ക്കാരിന് ഈ പിടിവാശിയില്‍ ഉറച്ചുനില്‍ക്കാനാകുമെന്നതു മാത്രമാണ്.


നാളെ ചരിത്രത്താളുകളില്‍ അവിശ്വസനീയമായ യാഥാര്‍ഥ്യമായി അവശേഷിക്കും ഈ ഐതിഹാസിക പോരാട്ടം. മഞ്ഞുമലയില്‍ നിന്ന് ഉരുണ്ടുവീഴുന്ന ഹിമകണികപോലെ അത് അനുനിമിഷം അവിശ്വസനീയമാംവിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ 14 കിലോമീറ്റര്‍ നീളത്തില്‍ തമ്പടിച്ചിരിക്കുകയാണ് കര്‍ഷകയോദ്ധാക്കള്‍. ഡല്‍ഹിയിലെ മറ്റ് അതിര്‍ത്തികളിലും പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നീളത്തില്‍ തെരുവീഥികള്‍ കൈയടക്കിയിരിക്കുകയാണ് കര്‍ഷകര്‍. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനു പേര്‍ സമരഭൂമിയിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.


സാമൂഹ്യമാധ്യമ വിമര്‍ശകര്‍ പരിഹസിക്കുന്നപോലെ അവര്‍ അവിടെ ഉണ്ടും ഉറങ്ങിയും സുഖവാസം നടത്തുകയല്ല. പൊരിവെയിലിലും കൊടും തണുപ്പിലും സമരവീര്യം ചോരാതെ പോരാടുകയാണ്, അക്രമരഹിതമായി. അതിനിടയില്‍ എത്രയോ പേര്‍ തണുപ്പുസഹിക്കാതെയും രോഗം മൂര്‍ച്ഛിച്ചും മരിച്ചുവീഴുന്നുണ്ട്.പക്ഷേ, അതൊന്നും അവരുടെ സമരവീര്യം തകര്‍ക്കുന്നില്ല. കാരണം, ഇത് ആത്മാര്‍ഥമായ പോരാട്ടമാണ്.
കോര്‍പറേറ്റുകള്‍ക്ക് എല്ലാം തീറെഴുതുന്ന ഭരണകൂടവും ട്രാക്ടറില്‍ കയറി നാടു ചുറ്റിയാല്‍ കര്‍ഷകസമരത്തില്‍ പങ്കാളികളായി എന്നു ചിന്തിക്കുന്ന പ്രതിപക്ഷ നേതാക്കളും കണ്ടുപഠിക്കുകയും സ്വയം തിരുത്തുകയും ചെയ്യണം ഈ സമരപാഠത്തില്‍ നിന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago