കൊവിഡ് വാക്‌സിന്‍: മുന്നൊരുക്കങ്ങള്‍ തുടങ്ങി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
വാക്‌സിന്‍ സൂക്ഷിക്കണമെങ്കില്‍ മൈനസ് 70 ഡിഗ്രിയില്‍ വരെ ശീതീകരിക്കാന്‍ സൗകര്യമൊരുക്കണം. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി നിര്‍ദേശം നല്‍കി. കേരളത്തിലെ പ്രത്യേക കാലാവസ്ഥ പ്രധാന വെല്ലുവിളിയാണെങ്കിലും വാക്‌സിന്‍ സൂക്ഷിക്കാന്‍ വേണ്ട ശീതീകരണ സൗകര്യമൊരുക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനായി ജില്ലാ ആസ്ഥാനങ്ങളില്‍ സ്ഥലം കണ്ടെത്തണമെന്നാണ് ആരോഗ്യ വകുപ്പിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലോകത്ത് വിതരണമാരംഭിച്ച ഫൈസര്‍ വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വാക്‌സിന്‍ എത്തിക്കാനും സൂക്ഷിക്കാനും വിതരണത്തിനും കേരളത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ പ്രത്യേക കണ്ടെയ്‌നറുകള്‍ കൂടി വാങ്ങേണ്ടിവരും. എത്തിക്കാനുള്ള ചെലവും കൂടും. പരമാവധി മൈനസ് 30 ഡിഗ്രി വരെയുള്ള ഡീപ് ഫ്രീസറുകളാണ് കേരളത്തിലുള്ളത്. ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സ് എന്നിവയും എത്തിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇവ വിതരണം ചെയ്യാന്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകും. 1,250 ശീതീകരണ സംഭരണ യൂണിറ്റുകള്‍ കേരളത്തിനുണ്ട്. ഐസ് ലൈന്‍ഡ് റെഫ്രിജറേറ്റുകളും ഡീപ് ഫ്രീസറുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണ്. സിറിഞ്ചുകളടക്കമുള്ളവ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വഴി ലഭ്യമാക്കും.
വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, ദൗത്യസേന എന്നിവ ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ താഴേത്തട്ടിലുള്ള രൂപീകരണവും നടക്കും. ഫെബ്രുവരിയെങ്കിലുമാകും വാക്‌സിന്‍ കേരളത്തില്‍ വിതരണത്തിനെത്താന്‍ എന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിരപ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവരുടെ വിവരശേഖരണം നടക്കുകയാണ്. കൊവിന്‍ എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതാണ് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനം. പരീക്ഷണഘട്ടം പിന്നിട്ട് വാക്‌സിനുകളുടെ ഉപയോഗത്തിനുള്ള കേന്ദ്ര അനുമതിയാണ് ഏറ്റവും നിര്‍ണായകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."