10, 12 ക്ലാസുകള്‍ ജനുവരി മുതല്‍ 50 ശതമാനം കുട്ടികളുമായാണ് ക്ലാസ് തുടങ്ങുക
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 10, 12 ക്ലാസുകള്‍ ജനുവരിയില്‍ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. 50 ശതമാനം വീതം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ തുടങ്ങാനാണ് ആലോചന. ഇതുസംബന്ധിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും. സ്‌കൂള്‍ എപ്പോള്‍ തുറക്കും, എപ്പോഴാകും പരീക്ഷ എന്നതാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇപ്പോഴത്തെ പ്രധാന ആകാംക്ഷ. മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. അതിന് മുന്നോടിയായാണ് 50 ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്‌കൂളിലെത്താനുള്ള നിര്‍ദേശം. അധ്യാപകരെത്തുംപോലെ 50 ശതമാനം വിദ്യാര്‍ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിര്‍ദേശമാണ് പരിഗണിക്കുന്നത്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം പരിഗണിച്ചാകും തീരുമാനിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള കൊവിഡ് സ്ഥിതിയും നോക്കും. പരീക്ഷാ നടത്തിപ്പില്‍ ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. മാര്‍ച്ചില്‍ പരീക്ഷ നടത്തണമെങ്കില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ എടുത്ത ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷന്‍ തീര്‍ക്കണം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ചില്‍ വരാനും സാധ്യതയുണ്ട്. മാത്രമല്ല സി.ബി.എസ്.ഇ അടക്കമുള്ള പൊതുപരീക്ഷകളില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാകും പരീക്ഷയിലെ തീരുമാനം.
പത്ത്, പന്ത്രണ്ട് ഒഴികെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുകയോ ആണ് പരിഗണിക്കുന്നത്. വ്യാഴാഴ്ചത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷമായിരിക്കും പരീക്ഷ സംബന്ധിച്ച തീരുമാനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."