പരിഷ്‌കാരത്തിന്റെ കോട്ടിട്ട പിന്തിരിപ്പനാണ് രാഹുല്‍ ഈശ്വറെന്ന് ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിക്കെതിരേ രംഗത്തുവന്ന രാഹുല്‍ ഈശ്വറിനെതിരേ എഴുത്തുകാരിയായ ശാരദക്കുട്ടി. പരിഷ്‌കാരത്തിന്റെ കോട്ടിലുംസ്യൂട്ടിലും വന്ന പിന്തിരിപ്പനാണ് രാഹുല്‍ ഈശ്വറെന്ന് ശാരദക്കുട്ടി. അയാള്‍ പിന്തുടരുന്നത് അഴുകിയ ബ്രാഹ്മണ ബോധമാണെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഈശ്വറിനെ കാണുമ്പോള്‍ എനിക്കോര്‍മ വരുന്ന ഒരു ഡയലോഗുണ്ട്.
'ഇങ്ങനത്തെ വഷളത്തങ്ങളാണ് ജന്റില്‍മാന്റെ ലക്ഷണംന്നു വെച്ചാല്‍ ജന്റില്‍മാന്‍ തന്ന്യാ. പക്ഷേ ഞങ്ങളാരും സ്ത്രീകളാരും തന്നെ ഈ കൂട്ടരെ 'പതാക'ക്കാരെ നല്ലാളുകളാ,ജന്റില്‍മാനാന്നു പറയില്ല.' ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
പരിഷ്‌കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്നിരിക്കുന്ന തന്ത്രശാലിയായ പിന്തിരിപ്പന്‍ രാഹുല്‍ ഈശ്വറിന്റെ ഓരോ കോലംകെട്ട് കാണുമ്പോഴും എനിക്കോര്‍മ്മ വരുന്ന ഒരു ഡയലോഗുണ്ട്.
'ഇങ്ങനത്തെ വഷളത്തങ്ങളാണ് ജന്റില്‍മാന്റെ ലക്ഷണം ന്നു വെച്ചാല്‍ ജന്റില്‍മാന്‍ തന്ന്യാ. പക്ഷേ ഞങ്ങളാരും സ്ത്രീകളാരും തന്നെ ഈ കൂട്ടരെ 'പതാക'ക്കാരെ നല്ലാളുകളാ,ജന്റില്‍മാനാന്നു പറയില്ല.'
1948ല്‍ നമ്പൂതിരിസ്ത്രീകളെഴുതി അവര്‍ തന്നെ അവതരിപ്പിച്ച തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിലാണ്, സവര്‍ണ്ണ നവോത്ഥാനവുമായി ബന്ധപ്പെട്ട അന്നത്തെ മറ്റൊരു രചനയിലും പ്രശ്‌നവത്കരിക്കപ്പെടാത്ത ഈ പരാമര്‍ശമുള്ളത്. പുരോഗതിക്കു തുരങ്കം വെക്കുന്ന 'പതാക'ക്കാര്‍ക്കെതിരെയുള്ള ആദ്യ മുന്നറിയിപ്പായിരുന്നു ഇത്.
പരിഷ്‌കാരിയെന്ന മട്ടില്‍ പ്രത്യക്ഷപ്പെടുന്ന അറുപഴഞ്ചനായ ഒരു വക്കീലാണതിലെ 'രാഹുലീശ്വര്‍'. ഇംഗ്ലീഷൊക്കെ അറിയാം. അയാള്‍ രാവിലെ വാളും പരിചയുമെടുത്ത് പയറ്റു പരിശീലിക്കുന്നു. പുരോഗമന ചിന്തയും സ്വാതന്ത്ര്യബോധവുമുള്ള ഭാര്യ ചോദിക്കും
'ദേയ്.. ഇതെന്താണ് ഈ വാളും പരിചേം ഒക്യായിട്ട്?'
വക്കീല്‍: 'ഇതാണ് ആറെസ്സെസ്സ്. അതിന്റെ വാളണ്ടിയര്‍ പരിശീലകനാ.. കേട്ടിട്ടില്ലേ രാഷട്രീയ സ്വയം സേവക് സംഘമെന്ന്.. '
അയാളെയും പഴമയുടെ ചിതലരിച്ചു കഴിഞ്ഞ തറവാടും വിട്ടിട്ടാണ് തന്റെ സ്വാതന്ത്ര്യവുമെടുത്തു കൊണ്ട് ദേവകി ഇറങ്ങിപ്പുറപ്പെട്ടത്. ദേവകി പറഞ്ഞതേ എനിക്കും പറയാനുള്ളു. ഞങ്ങളാരും ഇങ്ങനൊള്ളോരെ ജന്റില്‍മാനെന്നു പറയാറില്ല. നിങ്ങളങ്ങനെയാണെന്നു വെച്ചാല്‍ ആയിക്കോ.
(RSS എന്നത് നാടകത്തിലെ പരാമര്‍ശമാണ്. രാഹുല്‍ പിന്തുടരുന്ന അഴുകിയ ബ്രാഹ്മണ ബോധമെന്നു തന്നെ അതിന്റെ അര്‍ഥം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."