ചെറുമത്സ്യങ്ങള്‍ പിടിച്ച ബോട്ട് കസ്റ്റഡിയില്‍
ഫറോക്ക്: ബേപ്പൂരില്‍ നിയമം ലംഘിച്ചു ചെറുമത്സ്യങ്ങള്‍ പിടിച്ച ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസ് വകുപ്പും ചേര്‍ന്നു പിടികൂടി. ബേപ്പൂര്‍ ഹാര്‍ബറിനു പുറത്തായി കടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് ചാലിയം സ്വദേശി അബ്ബാസിന്റെ ഉടമസ്ഥതയിലുളള ഫിഷര്‍മാന്‍ എന്ന ബോട്ട് പിടികൂടിയത്. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ പി.കെ രഞ്ജിനിയുടെ നേതൃത്വത്തിലുളള സംഘമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ 400 കിലോ ചെറുമത്സ്യവും ബോട്ടും കസ്റ്റഡിയിലെടുക്കുന്നത്.
കിളി, ഉലവാച്ചി എന്നീ ഇനങ്ങളില്‍പ്പെട്ട ചെറുമത്സ്യങ്ങളാണ് കസ്റ്റഡിയിലെടുത്ത ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഭക്ഷ്യയോഗ്യമായ മത്സ്യം ഹാര്‍ബറില്‍ 30,000രൂപക്ക് ലേലത്തില്‍ വിറ്റു തുക സര്‍ക്കാരിലേക്ക് അടച്ചു.
ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കെ കണ്ണിവലിപ്പം കുറഞ്ഞ വല ഉപയോഗിച്ചു ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നു പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ മത്സ്യബന്ധനത്തിനും നിരോധിത വല ഉപയോഗിച്ചുളള മീന്‍പിടുത്തത്തിനും കേസെടുത്തു റിപ്പോര്‍ട്ട്് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കി. ജുവനൈല്‍ ഫിഷിങ് നടത്തിയതിന് 25,000 പിഴ ചുമത്തി. ഗ്രേഡ് എ.എസ്.ഐ കെ. അനില്‍കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ പി.ടി സാജുമോന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. 14ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഈയടുത്തായി കേന്ദ്രസര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ശനമാക്കി 546ഇനം മത്സ്യങ്ങള്‍ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."