എം.എസ്.എഫ് ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
തിരുവനന്തപുരം : യൂനിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷത്തിന്റെയും പരീക്ഷാക്രമക്കേടിന്റെയും പശ്ചാത്തലത്തില്‍ എം.എസ്.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റു.
കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുക, വിദ്യാര്‍ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, കേരള വി.സി യേയും പി.എസ്.സി ചെയര്‍മാനെയും പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ച്.
ഇതിനെ തുടര്‍ന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ യൂനിവേഴ്‌സിറ്റി കോളജിലേക്ക് നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍കലാശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ സംസാരിച്ചതിനു ശേഷം പ്രവര്‍ത്തകര്‍ യൂനിവേഴ്‌സിറ്റി കോളജിലേക്ക് പ്രകടനം നടത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ കോളജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്ന് മൂന്നു തവണ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടയില്‍ കോളജിനു പുറത്തെ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളും ബാനറുകളും തകര്‍ത്ത പ്രവര്‍ത്തകര്‍ കോളജ് മതിലില്‍ എം.എസ്.എഫിന്റെ കൊടികള്‍ സ്ഥാപിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, പാലക്കാട് ജില്ലാ സെക്രട്ടറി ബിലാല്‍ മുഹമ്മദ്, നേതാക്കളായ ഷഹീര്‍ജി അഹമ്മദ്, ഷഫീഖ് വഴിമുക്ക്, അംജത് കുരീപ്പള്ളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."