പ്രധാനമന്ത്രി സ്വന്തം മനഃസാക്ഷിയിലേക്ക് തിരിഞ്ഞുനോക്കണം: മുല്ലപ്പള്ളി
തിരുവനന്തപുരം: മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നവനാണ് നല്ല മനുഷ്യനെന്നു ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വന്തം മനഃസാക്ഷിയിലേക്കു തിരിഞ്ഞുനോക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇന്ദിരാഭവനില്‍ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ചു നടന്ന പുഷ്പാര്‍ച്ചനയ്ക്കും പ്രാര്‍ഥനാ സംഗമത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ സ്മരണ ഇല്ലായ്മ ചെയ്യാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍നിന്നു നീക്കുന്നതും ഗാന്ധി ഘാതകനായ ഗോഡ്‌സെക്കായി ക്ഷേത്രം പണിയുന്നതും ഗാന്ധി പ്രതിമകള്‍ തകര്‍ക്കുന്നതും അതിന്റെ ഭാഗമാണ്.
ഗാന്ധിജിയെ പുനര്‍വായനയ്ക്കു വിധേയമാക്കേണ്ട സമയമാണിത്. ധാര്‍മികമായി ശരിയല്ലാത്തതൊന്നും രാഷ്ട്രീയമായും ശരിയല്ലെന്നു പറഞ്ഞ മഹാനാണ് ഗാന്ധി.
1924ലെ മഹാ പ്രളയകാലത്ത് ഒരു ലക്ഷം രൂപ സ്വരൂപിച്ചു പ്രളയബാധിതര്‍ക്കു നല്‍കാന്‍ തയാറായ മഹാത്മാ ഗാന്ധിയുടെ ഉജ്ജ്വല മാതൃക ചൂണ്ടിക്കാട്ടാവുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിന്ദു-മുസ്‌ലിം മൈത്രിക്കായി ജീവന്‍ ബലിനല്‍കിയ രക്തസാക്ഷിയാണ് ഗാന്ധിജി. ഗാന്ധിജിയെ സ്വന്തം മനസിലും ജനമനസുകളിലും എത്തിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ കെ. മുരളീധരന്‍ , എം.എം ഹസന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എന്‍. ശക്തന്‍, മണക്കാട് സുരേഷ്, പഴകുളം മധു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."