റോഹിന്‍ഗ്യന്‍ അഭയാര്‍ഥി കുടുംബം വിഴിഞ്ഞത്ത്; എത്തിയത് ഹൈദരാബാദില്‍ നിന്ന്
വിഴിഞ്ഞം: രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ വിഴിഞ്ഞത്തെത്തിയ അഞ്ചംഗ റോഹിന്‍ഗ്യന്‍ കുടുംബത്തെ വിഴിഞ്ഞം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ഇവര്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് ഭാഗത്ത് എത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മ്യാന്മറിലെ മ്യാവ് ജില്ലക്കാരായ തയ്യൂബ്, ഭാര്യ സഫൂറ, മകന് സഫിയാന്‍, സഹോദരന് അര്‍ഷാദ്, ഭാര്യാ സഹോദരന് അന്‍വര്‍ ഷാ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചു വരികയായിരുന്ന കുടുംബം തിങ്കളാഴ്ച രാത്രിയോടെ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തുകയും ഇന്നലെ രാവിലെ ഓട്ടോയില്‍ വിഴിഞ്ഞത്തെത്തുകയായിരുന്നു.
ഹൈദരാബാദില്‍ പല സ്ഥലങ്ങളിലും കഴിഞ്ഞ് ജോലി ചെയ്തിട്ടും കുടുംബത്തിനു കഴിയാനുള്ള ശമ്പളം കിട്ടാതെ വന്നതോടെയാണ് ജോലി സാധ്യത ഏറെയുള്ള കേരളത്തിലെത്തിയതെന്നാണ് ഇവര്‍ പൊലിസിനു നല്കിയ മൊഴി.
വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ഹൈദരാബാദില്‍ വച്ചു തന്നെ സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞിരുന്നു എന്ന് തയ്യൂബ് പൊലിസിനോടു പറഞ്ഞു. മ്യാന്മാര് സ്വദേശികളായ കുടുംബം മൂന്നു വര്‍ഷം മുമ്പ് അവിടെ നടന്ന വംശീയ കലാപത്തെ തുടര്‍ന്ന് വനത്തിലൂടെ പാലായനം നടത്തിയാണ് ഇന്ത്യയിലേക്ക് എത്തിയത്.
ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി വിഭാഗം നല്കിയ തിരിച്ചറിയല്‍ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടെന്നും സംശയിക്കുന്ന വിധത്തിലുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിഴിഞ്ഞം പൊലിസ് പറഞ്ഞു.യു.എന്‍ രേഖ കൈവശമുണ്ടെങ്കിലും രോഹിന്ഗ്യന് അഭയാര്‍ഥികള്‍ക്ക് കേരളത്തില്‍ തങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇവരെ വന്ന സ്ഥലത്തേയ്ക്കു തന്നെ മടക്കി അയക്കുമെന്നാണ് അറിയുന്നത്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന പൊലിസിനോടും വിവരം തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."