125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: 125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലാഴ്മയില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ മോദി സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയെന്നും പറഞ്ഞു. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നത്.സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ രാജ്യത്ത് എട്ട് കോടി ജനങ്ങള്‍ക്ക് സ്വയം തൊഴിലിനുള്ള സഹായങ്ങള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ചെറിയ അഴിമതി ആരോപണം പോലും നിഴല്‍ പറ്റാതെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കുന്നത്. 70 വര്‍ഷക്കാലം രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ക്ക് നേടാന്‍ കഴിയാതിരുന്നതാണ് അദ്ദേഹം മൂന്ന് വര്‍ഷം കൊണ്ട് നേടിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മോദി സര്‍ക്കാറിന്റെ വാഗ്ദാനം. എന്നാല്‍ 2015-2016 വര്‍ഷത്തില്‍ വെറും ഒന്നരലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയതെന്നും തൊഴില്‍ രഹിതരായി ഇനിയും നിരവധി പേര്‍ ബാക്കിയുണ്ടെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."