കര്‍ദിനാളിനെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ. ആന്റണി കല്ലൂക്കാരന്‍ (ടോണി) ആണ് കേസിലെ ഒന്നാം പ്രതി. ഫാ. പോള്‍ തേലക്കാട്ട്, ഫാ. ബെന്നി മാരാംപറമ്പില്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികള്‍. വ്യാജരേഖ നിര്‍മിച്ചെന്നു കണ്ടെത്തിയ ആദിത്യനെ കേസില്‍ നാലാം പ്രതിയാക്കിയിട്ടുണ്ട്.കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 120ബി, 465, 468, 471, 469, 417, 201 തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
ഇതില്‍ ആദിത്യനൊഴികെയുള്ള പ്രതികളായ വൈദികര്‍ നേരത്തെ തന്നെ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ആദിത്യനെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് കോടതി വഴി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ആലഞ്ചേരിയെ സഭാ തലവന്റെ സ്ഥാനത്തു നിന്ന് ചതിയിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയോ അപകീര്‍ത്തിപ്പെടുത്തി സമ്മര്‍ദത്തിലാക്കി സ്വയം സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനാക്കുകയോ ചെയ്യാന്‍ ഒന്നു മുതല്‍ നാലു വരെയുളള പ്രതികള്‍ ആലോചിച്ച് ആലഞ്ചേരി അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതായും അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജരേഖകള്‍ നിര്‍മിച്ച് സഭാ അധികാരികളെയും വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും അദ്ദേഹത്തിന്റെ ഖ്യാതിക്ക് ഹാനിയുണ്ടാക്കാന്‍ കുറ്റകരമായി ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2019 ജനുവരിയില്‍ നടന്ന സിറോ മലബാര്‍ സിനഡിനു മുമ്പാകെ ഈ രേഖകള്‍ കൈമാറുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ നാലാം പ്രതിയായ ആദിത്യനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."