തീർത്ഥാടനം പുനഃരാരംഭിച്ച ശേഷം മക്ക ഹറമിലെത്തിയത് 46 ലക്ഷത്തിലധികം വിശ്വാസികൾ
മക്ക: കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ കടുത്ത നിയന്ത്രണത്തോടെ തീർത്ഥാടനം പുനഃരാരംഭിച്ച ശേഷം ഇത് വരെ 46 ലക്ഷത്തിലധികം തീർത്ഥാടകർ വിശുദ്ധ മക്കയിൽ എത്തിയതായി ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു. സ്വഫർ മാസം 17 മുതൽ റബീഉൽ ആഖർ 5 വരെയുള്ള കാലത്തെ കണക്കുകളാണ് അധികൃതർ പുറത്ത് വിട്ടത്. ഇക്കാലയളവിൽ 1,234,000 ഉംറ തീർത്ഥാടകർ വിശുദ്ധ ഉംറ നിർവ്വഹിച്ചതായും 3,380,000 തീർത്ഥാടകർ മസ്ജിദുൽ ഹറാമിൽ നിസ്കാരം നിർവ്വഹിച്ചതായും ഹറം കാര്യാലയ വകുപ്പ് അറിയിച്ചു.
കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ മാസങ്ങളോളം വിശുദ്ധ ഉംറ നിർത്തിവെക്കുകയും ഹറമിൽ നിസ്കാരം ഹറം ജീവനക്കാർക്ക് മാത്രമാക്കി ചുരുക്കുകയും ചെയ്തിരുന്നു. പിന്നീട് കൊവിഡ് നിയന്ത്രണ വിധേയമായപ്പോൾ സഊദിയിൽ നിന്നുള്ളവർക്ക് ആദ്യ ഘട്ടത്തിലും പിന്നീട് വിദേശികൾക്കും അനുവാദം നൽകുകയായിരുന്നു. പ്രത്യേക മൊബൈൽ ആപ് വഴി പെർമിറ്റ് എടുത്തവർക്ക് അനുവദിക്കപ്പെട്ട പ്രത്യേക സമയത്ത് മാത്രമാണ് ഉംറ ചെയ്യാനും ഹറമുകളിൽ നിസ്കാരത്തിനും അനുവദിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."