പ്രധാനമന്ത്രി ശ്രമിക്കുന്നത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍: രാഹുല്‍
വാര്‍ധ: ജനങ്ങളെ ഒന്നിപ്പിക്കാന്‍ മഹാത്മാ ഗാന്ധി ശ്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിക്കു ശേഷം ഗാന്ധിജി ഏറെക്കാലം ചെലവഴിച്ച മഹാരാഷ്ട്ര വാര്‍ധയിലെ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങള്‍ മോദിയെ പ്രധാനമന്ത്രിയാക്കി. നിങ്ങളുടെ വിശ്വാസങ്ങളെ അദ്ദേഹം തകര്‍ത്തിരിക്കുന്നു. ഇനി കോണ്‍ഗ്രസിനെയും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെയും വിശ്വസിക്കൂ. ജനങ്ങളെ ഒന്നിപ്പിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. എന്നാല്‍, ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനെ(എച്ച്.എ.എല്‍) മറികടന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് റാഫേല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ നല്‍കിയത് എന്തിനെന്ന് മോദി രാജ്യത്തോടു വിശദീകരിക്കണം' -രാഹുല്‍ പറഞ്ഞു.
മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല (ചൗക്കിധാര്‍), മുതലാളിമാരുടെ പങ്കാളിയാണ് (ഭാഗിധാര്‍). റാഫേലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'കണ്ണില്‍ നോക്കി' മറുപടി പറയാന്‍ മോദിക്കു ഭയമാണ്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം നുണ പറയുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലിസ് തല്ലിച്ചതച്ചതിലും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
കോര്‍പ്പറേറ്റുകളുടെ 3.20 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍, കര്‍ഷകരുടെ കാര്യത്തില്‍ കണ്ണടക്കുകയാണ്. മൊബൈല്‍ ഫോണ്‍, പാദരക്ഷകള്‍, വസ്ത്രം തുടങ്ങിയവയെല്ലാം ചൈനയിലാണു നിര്‍മിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യയെന്ന പേരില്‍ മോദി വ്യാജ വാഗ്ദാനം നല്‍കി ജനങ്ങളെ കബളിപ്പിച്ചു. ബി.ജെ.പിയോ പ്രധാനമന്ത്രിയോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയില്ല. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാവുന്ന കാലമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഇത്തവണ കോണ്‍ഗ്രസിനെ പരീക്ഷിക്കൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."