മോത്തിലാല്‍ വോറ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ട് ചികിത്സയില്‍ കഴിയുന്നതിനിടെ ഡല്‍ഹി ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒക്ടോബറില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയും പിന്നീട് രോഗമുക്തനാവുകയും ചെയ്തിരുന്നു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആഴ്ചകള്‍ക്കകം വീണ്ടും ആരോഗ്യം വഷളായി. ഞായറാഴ്ച 93ാം ജന്മദിനം ആഘോഷിച്ച മോത്തിലാലിനെ ശ്വാസതടസമുണ്ടായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
1927 ഡിസംബര്‍ 20ന് രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് ജനനം. മാധ്യമപ്രവര്‍ത്തകനായിരിക്കെ 1968ലാണ് മോത്തിലാല്‍ രാഷ്ട്രീയത്തിലെത്തിയത്. 1970ല്‍ മധ്യപ്രദേശ് നിയമസഭയിലെത്തി. 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി. 1985 മുതല്‍ 88 വരെ മുഖ്യമന്ത്രിയായി. 1988ല്‍ മുഖ്യമന്ത്രി പദവി രാജിവച്ച് രാജ്യസഭാംഗമായി. കേന്ദ്ര ആരോഗ്യ, സിവില്‍ വ്യോമയാന മന്ത്രിയായും 1993 മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. ഒരു തവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന മോത്തിലാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തരില്‍ പ്രധാനി ആയിരുന്നു. 1998 മുതല്‍ 2018 വരെ എ.ഐ.സി.സി ട്രഷററായും പ്രവര്‍ത്തിച്ചു. സോണിയാഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ മോത്തിലാല്‍ വോറയും നേതൃസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മോത്തിലാല്‍ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ അണിയറപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."