കെ.എസ്.ആര്‍.ടി.സി പുതിയ കെട്ടിട നിര്‍മാണം ഇഴഞ്ഞുതന്നെ
പാലക്കാട്: പാലക്കാട്ടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പുതിയകെട്ടിടത്തിന്റെ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം 2013 ജൂണ്‍ അഞ്ചിന് പൊളിച്ചുപണി തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷാവസാനത്തോടെയാണ് പഴയ കെട്ടിടം തന്നെ പൊളിച്ചു തുടങ്ങിയത്. പഴയ കെട്ടിടം പൊളിക്കുന്നതോടെ ബസുകള്‍ എങ്ങോട്ട് മാറ്റുമെന്നതായിരുന്നു തുടക്കത്തിലെ പ്രശ്‌നമെങ്കില്‍ പിന്നീട് സ്റ്റാന്‍ഡ് നിര്‍മാണം സംബന്ധിച്ചതായിരുന്നു.
രണ്ടുവര്‍ഷത്തെ ആശങ്കകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് കുറച്ച് പൊള്ളാച്ചി ബസുകള്‍ മാറ്റി അസൗകര്യങ്ങളുടെ വീര്‍പ്പുമുട്ടലില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റാന്‍ഡു മാറ്റം പേരിലൊതുക്കി. എന്നാല്‍ നിലവില്‍ പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ ഭാഗത്തെ അവശിഷ്ടങ്ങള്‍ നീക്കാനോ അലക്ഷ്യമായി നിര്‍ത്തിയിടുന്ന ബസുകളില്‍ കയറാനെത്തുന്ന യാത്രക്കാര്‍ പൊരിവെയിലത്താണ്.
25 കോടി രൂപയുടെ അന്താരാഷ്ട്ര ടെര്‍മിനലിനാണ് ആദ്യം പ്ലാന്‍ നല്‍കിയിരുന്നതെങ്കിലും നഗരവികസനത്തിന്റെ ലക്ഷ്യം നോക്കി ചീഫ് ടൗണ്‍ പ്ലാനര്‍ 15 കോടിരൂപയുടെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു. അത് മറികടന്ന് കെട്ടിടം പൊളിച്ചശേഷം 9.6 കോടി രൂപയുടെ കെട്ടിടത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നാണറിയുന്നത്. യാക്കര വില്ലേജില്‍പെട്ട പഴയ കെട്ടിടത്തിന്റെ നികുതി കുടിശ്ശികയും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച വസ്തുതകളുമൊക്കെ ആദ്യകാലത്ത് വിനയായിരുന്നു.
കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച ഒരു പ്രവര്‍ത്തനങ്ങള്‍ക്കും ഇതുവരെ നടപടികള്‍ ആയിട്ടില്ല. 123 ഷെഡ്യൂളുകളിലായി ദിനം പ്രതി 1200 ലധികം ട്രിപ്പുകള്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയില്‍ 600 ഓളം പേര്‍ക്കുള്ള താല്‍ക്കാലിക സൗകര്യവും 50 പേര്‍ക്കുള്ള സ്ഥിരം താമസസൗകര്യവും സ്ത്രീകള്‍ക്കുള്ള ടോയ്‌ലറ്റ്, വിശ്രമസ്ഥലം, സെക്യൂരിറ്റി റൂം, എന്‍ക്വയറി കൗണ്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ്, ടി.എന്‍.എസ്.ടി.സിയുടെ ഓഫിസ്, കാന്റീന്‍, ക്ലോക്ക് റൂം, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം എന്നിവ ആവശ്യമാണ്.
സമീപത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍നിന്നും നേരത്തെ സര്‍വീസ് നടത്തിയിരുന്ന കോയമ്പത്തൂര്‍ ബസുകള്‍ ഇപ്പോള്‍ പൊളിച്ചിട്ട ഭാഗത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത്. ഷീറ്റിട്ട ട്രാക്ക് ഉപയോഗശൂന്യമായിരിക്കുകയാണ്. കെട്ടിടം പൊളിച്ചിട്ട് മാസങ്ങള്‍ കഴിയുമ്പോള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി ബസുകയറാനുള്ള താല്‍ക്കാലിക സൗകര്യം പോലും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഒരുക്കയിട്ടില്ല.
സ്റ്റാന്‍ഡിനു മുന്‍വശത്തെ ഓട്ടോ പ്രീപെയ്ഡ് ബൂത്തും ഉപയോഗശൂന്യമായ നിലയിലാണ്. രാത്രിയില്‍ സ്റ്റാന്‍ഡിനകത്തെ വെളിച്ചം കുറവാണ്. സമീപത്തെ പുതിയ ഗതാഗത പരിഷ്‌കാരത്തെ തുടര്‍ന്ന് സ്റ്റാന്‍ഡിനു മുന്നില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സ്റ്റാന്‍ഡിനകത്തെ അന്താരാഷ്ട്ര ടെര്‍മിനല്‍ ഭാഗത്തെ മതില്‍ പൊളിച്ച് ഡി.പി.ഒ റോഡ് വഴി വരുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ബസുകളെല്ലാം ലിങ്ക് റോഡ് വഴി തിരിഞ്ഞാണ് സ്റ്റാന്‍ഡിലെത്തുന്നത്.
നിലവില്‍ സ്‌റ്റേഡിയം, കോയമ്പത്തൂര്‍, തൃശ്ശൂര്‍ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ഡി.പി.ഒ റോഡ് വഴി വീണ്ടും സ്റ്റാന്‍ഡിലെത്തുന്നതിനെതിരേ ഡ്രൈവര്‍മാര്‍ക്കിടയില്‍ അസ്വാരസ്യമുണ്ട്.
സ്റ്റാന്‍ഡുമാറ്റം പേരിലൊതുങ്ങിയ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ നിലവിലെ യാത്രക്കാരുടെ ദുരിതങ്ങള്‍ക്കു ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."