100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം; 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.
1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. 2021 ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറു രൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും.
20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി ഉയര്‍ത്തും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാംഘട്ട നൂറ് ദിനപരിപാടി ഡിസംബര്‍ 9ന് ആരംഭിക്കേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."