എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ, ഇതാ ഒരു സന്തോഷ വാര്‍ത്ത; 40ശതമാനം പാഠഭാഗങ്ങള്‍ പഠിച്ചാല്‍ തന്നെ മുഴുവന്‍ മാര്‍ക്കും നേടാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 40 ശതമാനം പാഠഭാഗങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി തീരുമാനം. കൊവിഡിനെ തുടര്‍ന്ന് ക്ലാസ് റൂം അധ്യയനം നടക്കാതെ വന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഫസ്റ്റ്‌ബെല്‍ ക്ലാസ് സംവിധാനത്തില്‍ സിലബസ് പൂര്‍ത്തീകരിക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്ലസ് ടുവിന് 19 വിഷയങ്ങളില്‍ ഇതുവരെ ക്ലാസ് പോലും തുടങ്ങിയിട്ടില്ല.
ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നുതന്നെ മുഴുവന്‍ മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. തെരഞ്ഞെടുത്ത് ഉത്തരം എഴുതാനാകുന്ന വിധം ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങള്‍ അധികമായി നല്‍കും. അതായത് അഞ്ച് ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടതെങ്കില്‍ ചോയ്‌സിനായി പത്തു ചോദ്യങ്ങള്‍ നല്‍കിയിരിക്കും. ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മൊത്തം ചോദ്യങ്ങളില്‍ പകുതിയും ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ബാക്കി ചോദ്യങ്ങള്‍, ഊന്നല്‍ നല്‍കുന്നത് ഉള്‍പ്പെടെ മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും. പത്ത് ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അഞ്ചെണ്ണം ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ശേഷിക്കുന്ന അഞ്ച് ചോദ്യങ്ങള്‍, ഊന്നല്‍ നല്‍കുന്നത് ഉള്‍പ്പെടെ മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും.
ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ നിശ്ചയിക്കാനുള്ള ശില്‍പശാല ഈ മാസം 28, 29 തീയതികളില്‍ എസ്.സി.ഇ.ആര്‍.ടിയില്‍ നടക്കും. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ കൂടി പങ്കെടുക്കുന്ന ശില്‍പശാലയില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗവും മാതൃക ചോദ്യപേപ്പറും തയാറാക്കും.ഭാഷാ വിഷയങ്ങളിലെ ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ പരമാവധി ആദ്യഭാഗത്തുനിന്നുള്ളവയായിരിക്കും.
എസ്.സി.ഇ.ആര്‍.ടി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി അംഗീകരിച്ചാല്‍ ജനുവരി ആദ്യത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുമ്പോള്‍ ലഭ്യമാക്കും. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളെ മുന്‍നിര്‍ത്തിയായിരിക്കണം സ്‌കൂളുകളില്‍ ജനുവരി മുതല്‍ റിവിഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ പ്രകാരമുള്ള ചോദ്യപേപ്പര്‍ തയാറാക്കി മാര്‍ച്ച് ആദ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാതൃക പരീക്ഷ നടത്തും.
ഇത് മൂല്യനിര്‍ണയം നടത്തി വിദ്യാര്‍ഥികള്‍ക്ക് നല്‍കും. മാതൃക പരീക്ഷക്കുമുമ്പ് തന്നെ ചോദ്യപേപ്പറിന്റെ മാതൃക വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും. ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളുടെ വിവരം അംഗീകാരത്തിനുശേഷം പരീക്ഷഭവന് കൈമാറും. ഇതടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യപേപ്പര്‍ തയാറാക്കാന്‍ പരീക്ഷഭവന്‍ നിര്‍ദേശം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."