ഹോമിയോ വന്ധ്യതാ നിവാരണ കേന്ദ്രം ഉടന്‍: മന്ത്രി ശൈലജ
കണ്ണൂര്‍: ഹോമിയോ ചികിത്സാ രീതിയില്‍ വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ മാതൃകാപരമായ മുന്നേറ്റം കൈവരിച്ച കണ്ണൂര്‍ കേന്ദ്രത്തെ സംസ്ഥാനത്തെ മികച്ച കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഗവ. ഹോമിയോ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സാ കെട്ടിടത്തിന്റെ തറകല്ലിടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. നാഷനല്‍ ആയുഷ് മിഷനില്‍ നിന്ന് ഇതിനകം 81 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് ലഭിക്കുന്നതുവരെ കാത്തുനില്‍ക്കാതെ ഹോമിയോപതി ചികിത്സയ്ക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി കണ്ണൂരിലെ വന്ധ്യതാ നിവാരണ കേന്ദ്രം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഹോമിയോപതി വന്ധ്യതാ ചികിത്സാ കേന്ദ്രം ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ഡോ. കെ. ജമുന പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച അമ്മയും കുഞ്ഞും ഒ.പിയിലെ ചികിത്സയിലൂടെ കുഞ്ഞ് പിറന്നവരുടെ കുടുംബസംഗമം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ പേര് സംസ്ഥാന തലത്തില്‍ ജനനി എന്നാക്കിക്കൊണ്ടുള്ള പുനര്‍നാമകരണം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. ജനനി പദ്ധതിയുടെ ലോഗോ പ്രകാശനവും കുഞ്ഞുങ്ങള്‍ക്കുള്ള ഉപഹാരവിതരണവും പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ഡോ. കെ ജമുന, കെ.പി ജയബാലന്‍, അജിത്ത് മാട്ടൂല്‍, ജാനകി, ഇ. ബീന, ഡോ. ജി. ശിവരാമകൃഷ്ണന്‍, ഡോ. ആര്‍ റെജികുമാര്‍, ഡോ. എസ് ശ്രീവിദ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."