HOME
DETAILS

ദുരഭിമാനക്കൊലകള്‍ ലജ്ജാകരം

  
backup
December 28 2020 | 03:12 AM

kill54336

 


കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കോട്ടയം സ്വദേശി കെവിന്‍ ജോസഫിന്റെ ഓര്‍മ ഒരു നൊമ്പരമായി മലയാളി മനഃസാക്ഷിയെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, മറ്റൊരു ദുരഭിമാനക്കൊലയ്ക്കു കൂടി സാക്ഷരകേരളം സാക്ഷിയാകേണ്ടി വന്നിരിക്കുകയാണ്. കെവിന്‍ കൊലപാതകത്തിലെ കുറ്റവാളികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിട്ടും ജാതിയുടെ പേരിലുള്ള മിഥ്യാഭിമാനത്താല്‍ കേരളത്തിലും കൊലപാതകങ്ങള്‍ തുടരുകയാണോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. അത്തരമൊരു ഭയപ്പാടിന്റെ അന്തരീക്ഷമാണ് പാലക്കാട്ടെ കുഴല്‍മന്ദം തേങ്കുറിശി മാങ്കുളം സ്വദേശി അനീഷിന്റെ ദാരുണാന്ത്യം അടയാളപ്പെടുത്തുന്നത്. 2018ല്‍ അരീക്കോട് കീഴുപറമ്പില്‍ വിവാഹത്തലേന്ന് മകള്‍ ആതിരാ രാജിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നിലും ദുരഭിമാനമായിരുന്നു.
കെവിന്‍ കൊലപാതകത്തിലെന്നതു പോലെ അനീഷിന്റെ കൊലപാതകത്തിലും അച്ഛനും ബന്ധുക്കളും തന്നെയാണു പ്രതികള്‍. കെവിന്‍ കൊലപാതകത്തിലെ പ്രതിയായ കെവിന്റെ ഭാര്യാപിതാവായ ചാക്കോയെ വിട്ടയച്ചുവെങ്കിലും സഹോദരനടക്കമുള്ള പ്രതികള്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രതികളുടെ അപ്പീലിന്മേലുള്ള വാദം ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അനീഷിന്റെ ദാരുണമായ അന്ത്യവും ഉണ്ടാകുന്നത്.


രാജ്യം പലപ്പോഴും ജാതിസംഘര്‍ഷങ്ങളാല്‍ കലുഷിതമാകുമ്പോള്‍ അതില്‍ നിന്നെല്ലാം മാറിനിന്ന് രാജ്യത്തിനു സ്തുത്യര്‍ഹമായ ദിശാബോധവും മാതൃകയും സമര്‍പ്പിച്ച സംസ്ഥാനമായിരുന്നു കേരളം. മമ്പുറം തങ്ങളും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അവരുടെ ജീവിതംകൊണ്ട് രേഖപ്പെടുത്തിയ ജാതിമത ചിന്തകള്‍ക്ക് അതീതമായ മഹനീയമാതൃക കേരളീയ പൊതുജീവിതം സ്വാംശീകരിച്ചതിന്റെ ഫലമായിട്ടായിരുന്നു ഉച്ഛനീചത്വങ്ങളില്‍ നിന്നും ജാതിമേല്‍ക്കോയ്മയില്‍ നിന്നും കേരളം വേറിട്ടുനിന്ന് മാതൃകയായത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് യു.പിയിലും മധ്യപ്രദേശിലും ബിഹാറിലും ജാതീയതയുടെ പേരില്‍ ദുരഭിമാനക്കൊലകളും ദലിത് കൊലപാതകങ്ങളും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍, കേരളം അതില്‍ നിന്നെല്ലാം വിട്ടുനിന്നിരുന്നത് പുണ്യജന്മങ്ങള്‍ ഈ സംസ്ഥാനത്തിനു പകര്‍ന്നുതന്ന കര്‍മസുകൃതത്താലായിരുന്നു. ജാതീയതയ്ക്ക് അതീതമായ മാനവികബോധം കേരളീയ മനസില്‍ ദൃഢപ്പെടുത്താന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ മഹത്വമായ ദര്‍ശനങ്ങളും ജീവിതവുമാണു നിമിത്തമായത്.
ചില ആളുകള്‍ ഒരു പ്രത്യേകതരം ജോലി ചെയ്യാന്‍ തുടങ്ങിയതു മുതല്‍ക്കാണ്, അവര്‍ക്ക് ജാതിയടിസ്ഥാനത്തിലുള്ള വിളിപ്പേരുകളുണ്ടായത്. പ്രത്യേക ജോലി ചെയ്യാന്‍ ആരംഭിച്ചവരുടെ പിന്‍മുറക്കാരും പൂര്‍വികരുടെ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ ജാതീയത അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തു. ജാതികളില്‍ വര്‍ണം ഒരു പ്രധാന ഘടകമായതോടെ കറുത്തവരെ തിന്മയുടെ പ്രതീകമെന്ന നിലയില്‍ അവര്‍ണരെന്നും വെളുത്തവരായി ജനിച്ചവര്‍ നന്മയുടെ പ്രതീകമായ സവര്‍ണരെന്നും വെളുത്ത ബ്രാഹ്മണര്‍ തന്നെ പരികല്‍പന നടത്തിയതിന്റെ ഫലങ്ങളാണ് രാജ്യത്തുണ്ടായ ജാതീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും. ഉല്‍കൃഷ്ടരെന്നും മേന്മയുള്ളവരെന്നുമുള്ള കണ്ടുപിടുത്തം മനുഷ്യര്‍ തന്നെ നടത്തിയതിനെ തുടര്‍ന്നാണ് രാജ്യം നൂറ്റാണ്ടുകളിലൂടെ അസമത്വം അനുഭവിച്ചു പോരുന്നത്.


എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ പൊതുജീവിതത്തെ സമീപിക്കാന്‍ കേരളീയ ജനതയ്ക്ക് ഉള്‍ക്കാഴ്ച നല്‍കിയത് ശ്രീനാരായണഗുരുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളും ദര്‍ശനങ്ങളുമായിരുന്നു. ഉയര്‍ന്ന ജാതിക്കാരെന്ന് വിവക്ഷിക്കപ്പെട്ടവരില്‍ ചില വിഭാഗങ്ങള്‍ ശ്രീനാരായണഗുരുവിനെ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇകഴ്ത്തിയെങ്കിലും കേരളത്തിലെ ഭൂരിപക്ഷം ജനതയും ശ്രീനാരായണഗുരുവി ന്റെ ഉല്‍ബോധനങ്ങളില്‍ ആകൃഷ്ടരായി. അതിനാലാണ് ഉത്തരേന്ത്യയില്‍ ജാതിയുടെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടിമരിച്ചപ്പോഴും അത്തരം ചെളിക്കുണ്ടില്‍ വീഴാതെ കേരളീയ സമൂഹം സമചിത്തതയോടെ ജീവിച്ചുപോന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുവചനം അത്രമേല്‍ കേരളീയ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു.
അടുത്ത കാലത്ത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷത്തിന്റെ അനുരണനങ്ങള്‍ നമ്മുടെ കൊച്ചു സംസ്ഥാനത്തും ഉണ്ടാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് വേദനയോടെയല്ലാതെ കാണാതിരിക്കാനാവില്ല. സംഘ്പരിവാറിന്റെ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങളാണ് മനുഷ്യരെ പരസ്പരം ജാതിയുടെയും മതത്തിന്റെയും പേരില്‍ അകറ്റിക്കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നടമാടിയിരുന്ന മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംഘട്ടനങ്ങളും കൊലപാതകങ്ങളും പുച്ഛത്തോടെ കണ്ടിരുന്ന കേരളീയര്‍ക്കിടയിലും ഇപ്പോള്‍ ജാതി മിഥ്യാഭിമാനത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. കെവിന്‍ ജോസഫിന്റെ അതിദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് ഭാര്യ നീനുവിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ മനഃസാക്ഷി മരവിച്ചിട്ടാല്ലാത്തവരുടെയെല്ലാം കണ്ണ് ന നയിപ്പിക്കുന്നതായിരുന്നു. അവളുടെ തോരാത്ത കണ്ണുനീര്‍ ഇന്നും മതേതര കേരളത്തിന്റെ മനസിനെ നീറ്റുന്നുണ്ട്. ഇനി അത്തരമൊരു സംഭവം കേരളത്തില്‍ ഉണ്ടാവില്ലെന്നും ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും മനുഷ്യസ്‌നേഹികള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഴല്‍മന്ദം തേങ്കുറിശി അനീഷിന്റെ കൊലപാതകവും സംഭവിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെയും കൂടി കണ്ണീരാണ് രക്ഷിതാക്കളുടെ ദുരഭിമാനത്തിന്റെ പേരില്‍ ഈ മണ്ണിനെ ഇപ്പോള്‍ പൊള്ളിച്ചുകൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യമെന്ന മതനിരപേക്ഷതയുടെ അടിസ്ഥാന മൂല്യങ്ങളെ ഹിന്ദുത്വവാദം ചവിട്ടിത്താഴ്ത്താന്‍ തുടങ്ങിയതിന്റെ ദുരന്തങ്ങളാണ് കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലകള്‍. ജാതി ലിംഗ അസമത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘ്പരിവാര്‍ പ്രചാരണം നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട മതനിരപേക്ഷ ദേശീയത മൗനത്തിലായതാണ് വര്‍ത്തമാന കാലത്തിന്റെ ശാപം. ഹിന്ദുത്വരാഷ്ടീയം മേല്‍ക്കൈ നേടിയതോടെയാണ് ഉത്തരേന്ത്യയിലെപ്പോലെ ഇപ്പോള്‍ കേരളത്തിലും ജാതിയുടെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.


2014ല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ എത്തിയതോടെയാണ് ഇന്ത്യന്‍ ജനത മതത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രകടമായ വേര്‍ത്തിരിവുകള്‍ക്ക് വിധേയരാകാന്‍ തുടങ്ങിയത്. ആര്‍.എസ്.എസ് സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കര്‍ ജാതീയതയെ ന്യായീകരിച്ചത് ജാതിവ്യവസ്ഥയെ കളങ്കമായി വിശേഷിപ്പിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു. അത്തരം സംഘ്പരിവാര്‍ ചിന്തകളുടെ ദൃശ്യാവിഷ്‌കാരമാണ് ഇപ്പോള്‍ കേരളത്തിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലകള്‍ എന്നുവേണം കരുതാന്‍. ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുന്ന പോയകാലത്തെ തിരികെപ്പിടിക്കാതെ കേരളത്തിലും ദുരഭിമാനക്കൊലകള്‍ക്ക് അറുതിയുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലുമൂന്നിയ ഒരു ജനകീയ മുന്നേറ്റത്തിലൂടെയല്ലാതെ അതു സാധ്യമാവുകയുമില്ല. ജാതിവ്യവസ്ഥ ഈ പരിഷ്‌കൃത യുഗത്തിലും ഇന്ത്യയില്‍ തുടരുന്നുവെന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ദേശീയതയ്ക്ക് മേലുള്ള ഈ കളങ്കം സമത്വത്തിലധിഷ്ഠിതമായ സാമൂഹിക പരിവര്‍ത്തനത്തിലൂടെ മാത്രമേ കഴുകിക്കളയാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago