ഈ മദ്യനയം കടുത്ത ജനവഞ്ചന
പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്വത്തില്‍ അനുമതി നല്‍കുകയും പിന്നീടു ബന്ധപ്പെട്ട തലത്തിലുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും നിലപാട് വികലവും തലതിരിഞ്ഞതും ജനദ്രോഹപരവുമാണ്. തെറ്റായ ഈ സമീപനം ഉപേക്ഷിച്ചേ മതിയാകൂ.
അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ നടത്താതെ അനുമതി നല്‍കിയ ആറന്മുള വിമാനത്താവള പദ്ധതിയുടെയും പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെയും കാര്യത്തില്‍ അതതു കാലത്തെ ഇടതുമുന്നണി സര്‍ക്കാരുകള്‍ക്കു പറ്റിയ ഗുരുതരമായ വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും അതുസംബന്ധിച്ച നടപടിയിലും കാണുന്നത്.
ആറന്മുള വിമാനത്താവള പദ്ധതിക്കു തത്വത്തില്‍ അനുമതി നല്‍കിയ അന്നത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഇടതുമുന്നണി നേതാക്കള്‍ക്കും തങ്ങളുടെ സ്വന്തം സൃഷ്ടിയായ ആ പദ്ധതിക്കെതിരേ സമരം ചെയ്യേണ്ടിവന്നതിനെക്കുറിച്ചു തെല്ലെങ്കിലും ആലോചിച്ചിരുന്നെങ്കില്‍ ബ്രുവറികളും ഡിസ്റ്റ്‌ലറിയും തുടങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവു പുറപ്പെടുവിക്കില്ലായിരുന്നു. മദ്യലോബിയെ ഏതു വിധത്തിലും വഴിവിട്ടു സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും അമിതാവേശവും വ്യഗ്രതയുമാണ് ഈയൊരു നിലയിലേയ്ക്കു കാര്യങ്ങളെത്തിച്ചു വഷളാക്കിയത്.
പാരിസ്ഥിതികപഠനമോ സാമൂഹ്യാഘാത പരിശോധനയുള്‍പ്പടെയുള്ള അനിവാര്യമായ കാര്യങ്ങളോ ഇല്ലാതെ ആറന്മുള വിമാനത്താവള പദ്ധതിക്കു തത്വത്തില്‍ അനുമതി നല്‍കിയതു തെറ്റായിരുന്നെന്നു പിന്നീടു തെളിയിക്കപ്പെട്ടു. ഹരിത ട്രിബ്യൂണലില്‍നിന്നും സുപ്രിംകോടതിയില്‍ നിന്നുമുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് ഈ സര്‍ക്കാരിനു തന്നെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
കൊക്കക്കോള കമ്പനിയെ വന്‍ ആവേശത്തോടെ എതിരേറ്റ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഇടതുപക്ഷ നേതാക്കളടക്കം ജനങ്ങളാകെ സമരരംഗത്തു വന്നതും തുടര്‍ന്ന് ആ കമ്പനി അടച്ചുപൂട്ടിയതും എന്തുകൊണ്ടു സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ചിന്തയില്‍ വന്നില്ല. ന്ന പ്ലാച്ചിമടയില്‍ അതിഭീകരമായി ജലം ചൂഷണം ചെയ്യുന്നതിനെതിരേ നടന്ന കൊക്കക്കോള വിരുദ്ധ ജനകീയ സമരം ചരിത്രത്തിന്റെ ഭാഗമാണ്.
സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. സ്വയം വിശ്വാസ്യത ഇല്ലാതാക്കിയും മദ്യക്കമ്പനികള്‍ക്കു വഴിയൊരുക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണിപ്പോള്‍ ഉണ്ടായിട്ടുള്ളത്. ആറന്മുളയിലും പ്ലാച്ചിമടയിലും ഇടതുമുന്നണി സര്‍ക്കാരുകള്‍ക്കു സംഭവിച്ച വലിയ വീഴ്ചകള്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. അറിയാതെയല്ല, ഇതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. നാടകീയവും ദുരൂഹവുമായ സാഹചര്യത്തിലുണ്ടായ ബ്രുവറി, ഡിസ്റ്റിലറി തീരുമാനങ്ങളുടെ പിന്നില്‍ വമ്പന്‍ അഴിമതി നടന്നതായി ഏവരും വിശ്വസിക്കുന്ന സാഹചര്യമാണു സംജാതമായിട്ടുള്ളത്.
തന്നെയുമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നത് ആശ്ചര്യജനകമാണ്. മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്താണെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നുമുള്ള പ്രകടനപത്രിയിലെ വാക്കുകള്‍ക്കു കടലാസിന്റെ വിലപോലുമില്ലാതാക്കിയ സര്‍ക്കാര്‍ നടത്തുന്നതു തികഞ്ഞ ജനവഞ്ചനയാണ്.
പ്രകൃതിക്ഷോഭത്തില്‍പ്പെട്ടു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യം നല്‍പോലും ഇതേവരെ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിന്റെ മദ്യലോബിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ അമിതാവേശവും അതിലേറെ തിടുക്കവും പരിഹാസ്യമാണ്. നവകേരള നിര്‍മ്മിതിക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത ജനങ്ങളുടെ മനസ്സു മടുപ്പിക്കുന്നതാണ് ഇത്തരം നടപടികള്‍.
പരിസ്ഥിതി സൗഹൃദകര്‍മപദ്ധതികളും സംരംഭങ്ങളുമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപിതനിലപാടിനു വിരുദ്ധവുമാണ്. പ്രളയക്കെടുതികളുടെ ദുരിതത്തില്‍പ്പെട്ടു കിടക്കുന്ന ജനങ്ങളുടെ മേല്‍ ഇനിയൊരു 'മദ്യപ്രളയ'മുണ്ടാക്കാന്‍ ഇടവരുത്തുന്ന തെറ്റായ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബ്രുവറികളും ഡിസ്റ്റിലറികളും തുടങ്ങാന്‍ അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉടനടി റദ്ദാക്കണം. ഇതേക്കുറിച്ചു ഹൈക്കോടതിയിലെ സിറ്റിങ്് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ദുര്‍ബല വാദമുഖങ്ങള്‍ നിരത്തി അതിഗുരുതരമായ തെറ്റുകളെ ന്യായീകരിക്കാനാണ് ഇനിയും മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ അതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സര്‍ക്കാരിനെയും വലിയ തകര്‍ച്ചയിലേയ്ക്ക് എത്തിക്കുമെന്നോര്‍ക്കുക. രാഷ്ട്രീയമായും ധാര്‍മികമായും അതിനെല്ലാം വലിയ വില നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."