ഹൊര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം, യൂറോപ്യന്‍ നേവിയെ വിന്യസിക്കുമെന്ന് യു.കെ
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പലോട്ടം ഉറപ്പാക്കാന്‍ യൂറോപ്യന്‍ നേതൃത്വത്തിലുള്ള നാവിക സേനയെ വിന്യസിക്കാന്‍ യു.കെ പദ്ധതിയിടുന്നു. സഊദിയിലേക്ക് പോവുകയായിരുന്ന ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാന്‍ പിടിച്ചെടുത്തിരുന്നു. അതിനോടുള്ള പ്രതികരണമായാണ് പുതിയ നീക്കമെന്ന് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിനു ശേഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ കാറ്റില്‍പറത്തിയാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡ് കമാന്‍ഡോകള്‍ സ്റ്റെന ഇംപെറോ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇറാന് കപ്പലുകള്‍ കടന്നുപോകുന്നത് തടയാന്‍ അവകാശമില്ല. ഇത് കടല്‍ക്കൊള്ളയാണ് ഹണ്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഈ സുപ്രധാന മേഖലയിലൂടെയുള്ള യാത്രകളും ചരക്കുനീക്കങ്ങളും സുരക്ഷിതമാക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സമുദ്രസംരക്ഷണസേനയെ ഏകോപിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കപ്പലും അതിലെ 23 ജീവനക്കാരെയും ഉടന്‍ വിട്ടയക്കണമെന്ന് യു.കെ ഇറാനോട് ആവശ്യപ്പെട്ടു. ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. എന്നാല്‍, രാഷ്ട്രീയ നയതന്ത്ര നീക്കമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും യൂറോപ്യന്‍ യൂണിയ നിലെ ഭൂരിഭാഗം രാജ്യങ്ങളുടെയും വാദിക്കുന്നു. ധൃതിപിടിച്ച നീക്കങ്ങളൊന്നും പാടില്ലെന്ന് ജര്‍മനിയും ഫ്രാന്‍സും യു.കെയോട് ആവശ്യപ്പട്ടിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടണ്‍ പിടികൂടിയത്. അമേരിക്കയുടെ പ്രേരണമൂലമാണ് ബ്രിട്ടണ്‍ അങ്ങനെ ചെയ്തതെന്നാണ് ഇറാന്റെ ആരോപണം. പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു സ്ഥാനമേല്‍ക്കുന്നതോടെ ഇറാന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്ന ബ്രിട്ടന്‍ ഇ.യുവിന്റെ പിന്തുണ തേടുന്നതിലെ അനൗചിത്യവും ചോദ്യംചെയ്യപ്പെടുന്നു. ബ്രിട്ടന്റെ തീരുമാനം യാതൊരു ഗുണവുമില്ലാത്തതും മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണെന്ന് ഇറാന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."