സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് മണ്ണ്, മയക്കുമരുന്ന്, വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടകളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പി ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും പൊലിസ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തതാണ് ഗുണ്ടാ സംഘങ്ങള്‍ തലപൊക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്രത്യേക ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തലസ്ഥാനത്തെ ഗുണ്ടകളുടെ ഒത്തു ചേരലും സാമൂഹിക വിരുദ്ധ ഇടപെടലുകളും ഡി.ജി.പിയ്ക്കുള്ള റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഗുണ്ടകള്‍ കൂട്ടത്തോടെ ജയിലുകളില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ മാസമാണ് ജില്ലാ പൊലിസ് മേധാവിമാരോട് നിര്‍ദേശിച്ചത്. പക്ഷേ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലിസ് തലപ്പത്തെ വിലയിരുത്തല്‍.
ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി പ്രത്യേക പരിശീലനം നല്‍കിയ സംഘങ്ങളെ എല്ലാ ജില്ലകളിലും നിയോഗിച്ചിരുന്നു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ ശേഷം പല ജില്ലാ പൊലിസ് മേധാവിമാരും ഈ ഷാഡോ സംഘങ്ങളെ പിരിച്ചുവിട്ടു. ഇതാണ് ഗുണ്ടാ സംഘങ്ങള്‍ ശക്തമാകാനുള്ള മറ്റൊരു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."