കുറ്റപത്രം അപൂര്‍ണമെന്ന്: ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി എം.ശിവശങ്കര്‍
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം അപൂര്ണമായതിനാല് തനിക്കു ജാമ്യം നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കോടതിയില്‍.
താന്‍ ഇപ്പോഴും സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്നതിനാല്‍ കുറ്റപത്രം നല്കുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിയിരുന്നു. ഇതു ചെയ്യാത്ത സാഹചര്യത്തില്‍ കുറ്റപത്രം പൂര്‍ണമല്ലെന്നു കണക്കാക്കി ജാമ്യം നല്‍കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം.
ഈ മാസം 24നാണ് ശിവശങ്കറിനെതിരേ ഇ.ഡി കുറ്റപത്രം നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി സ്വര്‍ണ്ണക്കള്ളടത്തിനായി ശിവശങ്കര്‍ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരിലൊരാളാണ് ശിവശങ്കറെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. ദുബൈയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ നടത്തിയ സ്വര്‍ണക്കടത്തില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ക്കൊപ്പം ശിവശങ്കര്‍ സജീവമായി പങ്കെടുത്തിരുന്നെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."