ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; താല്‍ക്കാലിക ജീവനക്കാരന്‍ ആത്മഹത്യാ ഭീഷണിയുമായി വാട്ടര്‍ ടാങ്കിന് മുകളില്‍
വിഴിഞ്ഞം: ജോലിയില്‍നിന്ന് പിരിച്ചുവിട്ട വാട്ടര്‍ സപ്ലൈയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഓഫിസിന്റെ മുന്നിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ഏറെ നേരം ആശങ്കപരത്തി. മണിക്കൂറുകള്‍ക്കു ശേഷം ജോലിയില്‍ തിരിച്ചെടുത്തതായുള്ള അധികൃതരുടെ കത്ത് കിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ താഴെയിറങ്ങിയതോടെയാണ് ആശങ്ക അവസാനിച്ചത്.
കാഞ്ഞിരംകളം സ്വദേശി അരുണ്‍ (37) ആണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ നാട്ടുകാരെയും പൊലിസിനെയും ഫയര്‍ഫോഴ്‌സ് അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തി കാഞ്ഞിരംകുളം നെല്ലിക്കാക്കുഴിയിലെ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. വര്‍ഷങ്ങളായി മുന്നൂറ് രൂപ ദിവസ വേതനത്തില്‍ താല്‍ക്കാലിക സേവനമനുഷ്ടിച്ചിരുന്ന ഏഴു പേരെ മുന്നറിയിപ്പില്ലാതെ അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഒന്നാം തിയതിക്കു ശേഷം ജോലി നഷ്ടപ്പെട്ട സംഘം തിരികെ കയറാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലുംഅധികൃതര്‍ കനിഞ്ഞില്ല. ഇതോടെ നിരാശനായ അരുണ്‍ 60 അടിയോളം ഉയരമുള്ള വാട്ടര്‍ ടാങ്കില്‍ രണ്ടുംകല്‍പ്പിച്ച് വലിഞ്ഞുകയറുകയായിരുന്നു.
താഴെക്ക് ചാടി മരിക്കുമെന്ന മുന്നറിയിപ്പുമായി നിലയുറപ്പിച്ച യുവാവിനെ താഴെയിറക്കാന്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് കാഞ്ഞിരംകുളം പൊലിസും പൂവാറില്‍നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇവരുടെ വാക്കുകളും ഇയാള്‍ ചെവിക്കൊണ്ടില്ല. സംഗതി കൈവിട്ടുപോകുമെന്ന് കണ്ടതോടെ ഉന്നതര്‍ ഇടപെട്ടു. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുത്തതായുള്ള കത്ത് വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്തത് വായിച്ചതിനു ശേഷം യുവാവ് താഴെയിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."