നഗരഭരണത്തിന്‌സാരഥികളായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റേതിന് സമാനമായ വാശിയിലും ചിലയിടത്തെ നാടകീയതയ്ക്കും കൈയാങ്കളിയ്ക്കും പ്രതിഷേധത്തിനുമിടയില്‍ 86 നഗരസഭകളിലേയും ആറു കോര്‍പറേഷനുകളിലേയും അധ്യക്ഷന്‍മാരെയും ഉപാധ്യക്ഷന്‍മാരേയും തെരഞ്ഞെടുത്തു.
അതിനിടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ചരിത്രവും തിരുവനന്തപുരം കോര്‍പറേഷനില്‍ 21 കാരി ആര്യാ രാജേന്ദ്രന്‍ സത്യവാചകം ചൊല്ലിയതോടെ എഴുതി ചേര്‍ത്തു.
തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച വര്‍ഗീസ് ഇടതു പിന്തുണയോടെ മേയറായി.
തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിലെ ആര്യാ രാജേന്ദ്രന്‍ മേയറും സി.പി.ഐയിലെ പി.കെ രാജു ഡെപ്യൂട്ടി മേയറുമായി. കൊല്ലം കോര്‍പറേഷനില്‍ സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറും സി.പി.ഐയിലെ മധു ഡെപ്യൂട്ടി മേയറുമായി. കൊച്ചി കോര്‍പറേഷനില്‍ സി.പി.എമ്മിലെ എം.അനില്‍കുമാര്‍ മേയറായി.
പ്രതിഷേധങ്ങള്‍ക്കും കൈയാങ്കളിക്കുമൊടുവില്‍ സി.പി.ഐയിലെ കെ.എ അന്‍സിയ ഡെപ്യൂട്ടി മേയറുമായി. തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസ് മേയറായി. സി.പി.എമ്മിലെ രാജശ്രീ ഗോപനാണ് ഡെപ്യൂട്ടി മേയര്‍.
കോഴിക്കോട് മേയറായി സി.പി.എമ്മിലെ ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയറായി സി.പി.ഐയിലെ സി.പി മുസാഫര്‍ അഹമ്മദും ചുമതലയേറ്റു.
കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിലെ ടി.ഒ മോഹനന്‍ മേയറായി. മുസ്‌ലിം ലീഗിലെ കെ. ഷബീനയാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളില്‍ 43 ഇടത്ത് എല്‍.ഡി.എഫും 41 ഇടത്ത് യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും അധ്യക്ഷ പദവിയിലെത്തി.
നറുക്കെടുപ്പ് നടന്ന കളമശേരി, കോട്ടയം, പരവൂര്‍ നഗരസഭകളില്‍ ഭാഗ്യം തുണച്ചതോടെ യു.ഡി.എഫ് ഭരണത്തിലെത്തി. തൊടുപുഴയില്‍ യു.ഡി.എഫ് വിമതനെ ഒപ്പം നിര്‍ത്തി എല്‍.ഡി.എഫ് അവസാന നിമിഷം ഭരണം പിടിച്ചപ്പോള്‍ മാവേലിക്കരയില്‍ എല്‍.ഡി.എഫ് വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചു.
ആലപ്പുഴ, നെടുമങ്ങാട്, പാലക്കാട്, തൊടുപുഴ, മാവേലിക്കര നഗരസഭകളില്‍ തെരഞ്ഞെടുപ്പിനിടെ കൈയാങ്കളിയുണ്ടായി. ആലപ്പുഴ നഗരസഭയില്‍ സി.പി.എം ജില്ലാ നേതൃത്വം ജയമ്മയെ തഴഞ്ഞ് ചെയര്‍പേഴ്‌സണായി സൗമ്യ രാജിനെ തിരുമാനിച്ചതില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തി. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ ചൊല്ലി കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ് ജില്ലാ നേതാക്കളെ തടഞ്ഞു പ്രതിഷേധിച്ചു.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പ് നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."