കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് നേതൃത്വത്തിലേക്ക് വരുമ്പോള്‍
പി.കെ കുഞ്ഞാലിക്കുട്ടി നേതൃത്വത്തിലെത്തിയാല്‍ യു.ഡി.എഫ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണത്തിലേറുമോ? തദ്ദേശ തെരഞ്ഞെടുപ്പില്‍ പതറിപ്പോയ മുന്നണിക്കു പുതുജീവന്‍ പകരാന്‍ കുഞ്ഞാലിക്കുട്ടിക്കാവുമോ? ഉമ്മന്‍ ചാണ്ടിയോടൊപ്പം ചേര്‍ന്ന് യു.ഡി.എഫ് നേതൃത്വത്തില്‍ പുതിയൊരു നേതൃത്വം ഉണ്ടാക്കുക എന്നതാണോ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം?
മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേയ്ക്കു മടങ്ങുന്നുവെന്ന വാര്‍ത്ത ഉയര്‍ത്തുന്ന സ്വാഭാവികമായ ചോദ്യങ്ങളാണിവ. ഒരേസമയം അങ്കലാപ്പും പ്രതീക്ഷയും ഉയര്‍ത്തുന്നു കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേയ്ക്കു വരുന്നുവെന്ന വര്‍ത്തമാനം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ലീഗിനെതിരേ പ്രസ്താവനയുമായിറങ്ങി. കോണ്‍ഗ്രസിനുള്ളില്‍ അനുകൂലിച്ചും എതിര്‍ത്തും ആശങ്കപ്പെട്ടും കുശുകുശുപ്പുകള്‍. ഘടകകക്ഷികളില്‍ പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍ ഉയരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്കു ശേഷം സംസാരിക്കാനും തര്‍ക്കിക്കാനും ഗൂഢാലോചന നടത്താനും പുതിയൊരു വിഷയം കൂടി.
പാര്‍ട്ടിക്കായാലും മുന്നണിക്കായാലും നയിക്കാന്‍ മികവുള്ള നേതൃത്വം വേണമെന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു പ്രസക്തിയും കരുത്തും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് നേതൃത്വത്തിന്റെ ദൗര്‍ബല്യംകൊണ്ട് തന്നെ. നേതൃത്വത്തെ ബലപ്പെടുത്താനും സംഘടന ശക്തിപ്പെടുത്താനും ഒരു നീക്കവും നടത്തുന്നില്ലെന്നത് വരാന്‍പോകുന്ന വലിയ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും അതിനു നേതൃത്വം നല്‍കുന്ന എക്യജനാധിപത്യ മുന്നണിയുടെയും ശക്തി അളക്കേണ്ടതിന്റെ ആവശ്യകത ഉയരുന്നത്. 1957 മുതലിങ്ങോട്ട് കേരളത്തില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിലൊക്കെയും പിടിച്ചുനിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 1967ല്‍ വെറും ഒന്‍പതംഗങ്ങളുമായി നിയമസഭയുടെ ഒരു കോണിലേക്ക് ഒതുക്കപ്പെട്ടു കോണ്‍ഗ്രസ്. അതിന്റെ നേതാവായിരുന്നു സാക്ഷാല്‍ കണ്ണോത്ത് കരുണാകരന്‍. പിന്നെ 1978ല്‍ ചരിത്രപ്രസിദ്ധമായ കോണ്‍ഗ്രസ് പിളര്‍പ്പ്. പുതിയ ഇന്ദിരാ കോണ്‍ഗ്രസില്‍ കരുണാകരനും കെ.എം ചാണ്ടിയും എം.എം ജേക്കബും
തെന്നല ബാലകൃഷ്ണപിള്ളയും എ.എ റഹീമും മറ്റും അണിനിരന്നപ്പോള്‍ എ.കെ ആന്റണിയോടൊപ്പം വയലാര്‍ രവിയും കെ.പി ഉണ്ണികൃഷ്ണനും ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ ചാണ്ടിയുമൊക്കെ കൂടി. 1980ല്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരില്‍ ആന്റണിയും കൂട്ടരും ചേര്‍ന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വേറൊരു വഴിയിലേയ്ക്കു തിരിയുകയായിരുന്നു. ഒപ്പം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും അഖിലേന്ത്യാ മുസ്‌ലിം ലീഗും. പ്രതിപക്ഷത്ത് ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ആര്‍.എസ്.പിയും പി.എസ്.പിയും എന്‍.സി.പി, എസ്.ആര്‍.പി എന്നീ ചെറിയ കക്ഷികളും.
നായനാര്‍ സര്‍ക്കാരിന്റെ വീഴ്ചയും ആ മുന്നണിയുടെ തകര്‍ച്ചയുമാണ് പുതിയൊരു ഐക്യജനാധിപത്യ മുന്നണിക്കു ജീവന്‍ നല്‍കിയതെന്നു പറയാം. അതിനു നേതൃത്വം നല്‍കിയത് കെ. കരുണാകരനും.
കരുണാകരന്‍ തന്നെ മുന്‍കൈയെടുത്ത് ആന്റണി വിഭാഗം കോണ്‍ഗ്രസിനെ ഐക്യജനാധിപത്യ മുന്നണിയില്‍ ചേര്‍ത്തു. പിന്നെ ആര്‍.എസ്.പി ഉള്‍പ്പെടെ പല പാര്‍ട്ടികളും പിളര്‍ന്നു. ആന്റണി കോണ്‍ഗ്രസിലും പിളര്‍പ്പുണ്ടായി. കരുണാകരന്‍ പുതിയ കരുത്തു നേടുകയായിരുന്നു.
1982ല്‍ ഏഴാം കേരള നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലക്ഷണയുക്തമായ രണ്ടു മുന്നണികള്‍ കേരള രാഷ്ട്രീയത്തെ പകുത്തെടുത്തിരുന്നു. ഒരുവശത്ത് ഐക്യജനാധിപത്യ മുന്നണി കരുണാകരന്റെ നേതൃത്വത്തില്‍. മറുവശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പില്‍ 77 സീറ്റുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി. കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി, സി.എച്ച് മുഹമ്മദ്‌കോയ ഉപമുഖ്യമന്ത്രി, ഇ. അഹമ്മദ്, വയലാര്‍ രവി, കെ.എം മാണി, ആര്‍. ബാലകൃഷ്ണപിള്ള, ടി.എം ജേക്കബ്, പി.ജെ ജോസഫ് തുടങ്ങി 18 അംഗങ്ങളുള്ള വമ്പന്‍ മന്ത്രിസഭ. അതുവരെ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മന്ത്രിസഭ. തലപ്പത്ത് കരുണാകരനും.
ആ മുന്നണിയും സര്‍ക്കാരും കരുണാകരന്റെ നിരന്തരമായ കഠിനാധ്വാനത്തിന്റെയും പരീക്ഷണത്തിന്റെയും ഫലമായിരുന്നു. കേരളത്തില്‍ ഐക്യമുന്നണി രാഷ്ട്രീയം വേരുറപ്പിച്ച നിര്‍ണായകഘട്ടം. പരസ്പരം നോക്കി രണ്ടു മുന്നണികള്‍. രണ്ടും ഏറെക്കുറെ തുല്യശക്തികളായി നേര്‍ക്കുനേര്‍. ഘടകകക്ഷികളുടെ ശക്തിയും കക്ഷിനേതാക്കളുടെ തലയെടുപ്പുമായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടെ തിളക്കംകൂട്ടിയത്. തലപ്പത്ത് കെ. കരുണാകരന്‍, പി
ന്നെ എ.കെ ആന്റണി, കെ.എം മാണി, പി.ജെ ജോസഫ്, ആര്‍. ബാലകൃഷ്ണപിള്ള എന്നിങ്ങനെ പ്രമുഖരുടെ നിര.
പക്ഷേ, ഈ കരുത്തിനെ തോല്‍പ്പിച്ച് 1987ല്‍ നായനാരുടെ ഇടതുപക്ഷ മുന്നേറ്റവും കേരളം കണ്ടു.
പിന്നെ 1991ല്‍ വന്‍ ഭൂരിപക്ഷത്തോടെ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രി. അപ്പോഴേക്ക് കോണ്‍ഗ്രസില്‍ കരുണാകരനെതിരായ നീക്കം ശക്തിപ്പെട്ടു. പ്രധാനമന്ത്രിയായി പി.വി നരസിംഹ റാവുവിനെ കൈപിടിച്ചുയര്‍ത്തിയ ഖ്യാതിയും 'കിങ് മേക്കര്‍' എന്ന സ്ഥാനവുമൊക്കെയായിരുന്നു കരുണാകരന്റെ കരുത്ത്. ഒപ്പം ഘടകകക്ഷികളുടെ പിന്തുണയും. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ടി.എം ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, എം.വി രാഘവന്‍ എന്നിങ്ങനെ കരുണാകരന്റെ കരുത്തായി മുന്നണി നേതാക്കള്‍ ഒന്നിച്ചുനിന്ന കാലം. ഇവിടെയാണ് ആന്റണിപക്ഷം കരുണാകരനെതിരേ നീങ്ങിയത്. കൗശലവും തന്ത്രങ്ങളും ആവനാഴിയില്‍ ഏറെയുണ്ടായിരുന്ന കരുണാകരനെ വീഴ്ത്തുക അത്ര എളുപ്പമല്ലെന്ന കാര്യം ആന്റണി പക്ഷത്തിനു നന്നായറിയാമായിരുന്നു. തിരുത്തല്‍വാദി പ്രസ്ഥാനത്തിന്റെ നേതാക്കളായ ജി. കാര്‍ത്തികേയനും എം.ഐ ഷാനവാസും രമേശ് ചെന്നിത്തലയും അരയും തലയും മുറുക്കി രംഗത്തിറങ്ങി. സൂത്രധാരനായി ഉമ്മന്‍ ചാണ്ടി മുന്നില്‍നിന്നു. എപ്പോഴും ആന്റണിയുടെ വലംകൈയായിരുന്നു ഉമ്മന്‍ ചാണ്ടി. ആന്റണിക്കു തൊട്ടുതാഴെ രണ്ടാമനായി നിന്ന നേതാവ്.
പക്ഷേ, കോണ്‍ഗ്രസില്‍ നേതൃമാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് ഹൈക്കമാന്‍ഡിന്റെ ശക്തി തന്നെ. നരസിംഹ റാവുവാണ് പ്രധാനമന്ത്രി. റാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കരുണാകരന്‍. പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണയും കരുണാകരനുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ന്നുനിന്നു. പിന്നെ നിയമസഭാകക്ഷിയിലെ പിന്തുണ. നിയമസഭാ കക്ഷിയില്‍ കരുണാകരനുണ്ടായിരുന്ന മേധാവിത്വം ഇടിഞ്ഞുതുടങ്ങിയിരുന്നു. തിരുത്തല്‍വാദം ശക്തമായതോടെ ജി. കാര്‍ത്തികേയന്‍, എ.വി ഗോപിനാഥ്, പുനലൂര്‍ മധു, ബി. വിജയകുമാര്‍, അല്‍ഫോണ്‍സാ ജോണ്‍ എന്നിവര്‍ കരുണാകരപക്ഷം വിട്ട് തിരുത്തല്‍വാദികളായി. ഇവരുടെ ബലത്തില്‍ ഉമ്മന്‍ ചാണ്ടി നീക്കം കടുപ്പിച്ചു. അതോടെ ജോസ് കുറ്റിയാനിയെപ്പോലെ കരുണാകരനൊപ്പം നിന്ന ചിലരും ഇളകിത്തുടങ്ങി. പിന്നെ മുന്നണിയിലേക്കായി ശ്രദ്ധ. കെ.എം മാണി, ആര്‍. ബാലകൃഷ്ണപിള്ള, ടി.എം ജേക്കബ് എന്നിവരെയൊക്കെയും ഉമ്മന്‍ ചാണ്ടി കൂടെക്കൂട്ടി. അവസാനം കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയോട് ചേര്‍ന്നു. അപ്പോഴും എം.വി രാഘവന്‍ കരുണാകരനോടൊപ്പം തന്നെ ഉറച്ചുനിന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരും.
മുഖ്യമന്ത്രി കരുണാകരന്റെ കാല്‍ക്കീഴില്‍നിന്ന് മണ്ണൊലിച്ചു പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സന്ദര്‍ശകരുടെ എണ്ണം നന്നെ കുറഞ്ഞു. വൈകിട്ട് നേരത്തെ അത്താഴം കഴിക്കുന്ന കരുണാകരന്‍ പതിവിലും നേരത്തെ മുകളിലത്തെ നിലയിലുള്ള കിടയ്ക്കമുറിയിലേയ്ക്കു പോകും. 1982-97 കാലഘട്ടത്തില്‍ പ്രതിച്ഛായയുടെയും ശൈലീമാറ്റത്തിന്റെയും പേരില്‍ ആന്റണിപക്ഷം പോരു നടത്തിയപ്പോള്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നത് ക്ലിഫ് ഹൗസിലാണ്. പാതിരാ കഴിഞ്ഞും നീളുന്ന ചര്‍ച്ചകളായിരുന്നു അക്കാലത്ത്. ഒരു തീരുമാനവുമില്ലാതെ അവസാനിക്കുന്ന ചര്‍ച്ചകള്‍. ഇപ്പോള്‍ യുദ്ധം മുറുകിയിരിക്കുന്നു. കൊട്ടാരം പോലുള്ള ക്ലിഫ് ഹൗസ് മന്ദിരത്തില്‍ കൂട്ടിനു മകള്‍ പത്മജ മാത്രം. ഉമ്മന്‍ ചാണ്ടി പിടിമുറുക്കുന്നതും തന്റെ മുഖ്യമന്ത്രിക്കസേരയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടതുമറിയാതെ കരുണാകരന്‍ രണ്ടു തലയിണകള്‍ അടുക്കിവച്ച് അതിന്മേല്‍ ചാരിക്കിടന്ന് മന്ത്രിച്ചു. 'പി.വി എന്റെ കൂടെയുണ്ട്. ഒരു കുഴപ്പവും വരില്ല'. പി.വി എന്നാല്‍ പി.വി നരസിംഹറാവു.
നിയമസഭാ കക്ഷിയില്‍ പിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രിക്ക് ഘടകകക്ഷികളുടെ പിന്തുണയും ഇല്ലാതായിരിക്കുന്നു. ഹൈക്കമാന്‍ഡിന് ഒന്നും ചെയ്യാനാവാത്ത സ്ഥിതി. നരസിംഹ റാവു കൈമലര്‍ത്തി. പിന്നെ കരുണാകരന്റെ പതനം. ഡല്‍ഹിയില്‍നിന്ന് പറന്നെത്തിയ എ.കെ ആന്റണി മുഖ്യമന്ത്രിയായി. കരുണാകരന്‍ കൊരുത്തെടുത്ത മുന്നണിയുടെ നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ കൈയിലേക്ക്. മുഖ്യമന്ത്രി സ്ഥാനം ഐ ഗ്രൂപ്പില്‍നിന്ന് ആന്റണി പക്ഷത്തേക്കും.
പിന്നെ 2004ല്‍ ആന്റണി രാജിവച്ചൊഴിഞ്ഞപ്പോള്‍ രണ്ടാമന്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. മുന്നണിയും സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായി. ഒരുവശത്ത് കുഞ്ഞാലിക്കുട്ടിയും മറുവശത്ത് കെ.എം മാണിയും. 2016ല്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ഇ. അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു പോയി. കെ.എം മാണി അന്തരിച്ചു. 2019ല്‍ 19 സീറ്റ് നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ അഭിരമിച്ചുനിന്ന യു.ഡി.എഫ് നേതൃത്വം ഇപ്പോഴിതാ പകച്ചുനി
ല്‍ക്കുന്നു. അവിടേക്കാണ് പി.കെ കുഞ്ഞാലിക്കുട്ടി കടന്നുവരുന്നത്. ഉമ്മന്‍ ചാണ്ടിയോടൊപ്പം കുഞ്ഞാലിക്കുട്ടി ചേരുമ്പോള്‍ എന്താവും ഫലം? ഉത്തരത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാക്കണം. രണ്ടു മുന്നണിക്കും ഇടയില്‍ ഇടംകണ്ടെത്തി വളരാന്‍ ബി.ജെ.പി നോക്കിനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."