കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ ചുമതലയേറ്റു
ബംഗ്ലുരു: കുതിരക്കച്ചവടത്തിനും കൂറുമാറ്റത്തിനും ഒടുവില്‍ കര്‍ണാടകത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ് യെദിയൂരപ്പ ചുമതലയേറ്റു. അല്‍പം മുന്‍പ് ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല യെദിയൂരപ്പക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിവുപോലെ വെള്ള ഷര്‍ട്ടും പാന്റ്‌സും ധരിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ഷര്‍ട്ടിന് മുകളിലൂടെ പച്ച നിറത്തിലുള്ള ഷാളും അണിഞ്ഞിരുന്നു.
ഇത് നാലാം തവണയാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ഒരു തവണ പോലും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുകൂല തീരുമാനത്തിനായി കഴിഞ്ഞ രണ്ടു ദിവസമായി ബി.ജെ.പി സംസ്ഥാന ഘടകം കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ വിമതരുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് യെദിയൂരപ്പക്ക് നീങ്ങാനായത്.
അതേസമയം ചുമതലയേറ്റാലും ജൂലൈ 31ന് മുന്‍പായി അദ്ദേഹം ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. അതിന് മുന്‍പായി അദ്ദേഹം തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുമെന്നും അഭ്യൂഹമുണ്ട്. ഭൂരിപക്ഷം സംബന്ധിച്ച കാര്യത്തില്‍ തനിക്ക് 101 ശതമാനം ഉറപ്പുണ്ടെന്നാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. ബി.ജെ.പിക്കു കീഴില്‍ സുസ്ഥിര സര്‍ക്കാരായിരിക്കും കര്‍ണാടക ഇനി ഭരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."