യമനിൽ വിമാനത്താവളത്തിൽ ഉഗ്ര സ്‌ഫോടനം; നിരവധി മരണം
സൻആ: യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഉഗ്ര സ്‌ഫോടനം. സംഭവത്തിൽ ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. പുതുതായി രൂപീകരിച്ച സഖ്യ സർക്കാർ അംഗങ്ങൾ സഊദിയിൽനിന്ന് എത്തിയ ഉടൻ ആയിരുന്നു ആക്രമണമുണ്ടായത്. അംഗങ്ങൾ വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് അത്യുഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായത്. ഏറെ പ്രാധ്യാന്യമർഹിക്കുന്ന സംഭവത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സർക്കാർ അംഗങ്ങൾ സഊദിയിൽ നിന്നും വന്നിറങ്ങുന്നത് തത്സമ സംപ്രേഷണം ചെയ്‌തിരുന്ന ചാനലുകളിൽ സ്‌ഫോടനം ലൈവായി പുറം ലോകം കണ്ടു. ഉഗ്ര സ്‌ഫോടനം നടക്കുന്നതും ആളുകൾ ചിതറിയോടുന്നതും കറുത്ത പുക ഉയരുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
പ്രധാനമന്ത്രി മഈൻ അബ്ദുൽമാലിക്, യെമനിലെ സഊദി അംബാസിഡർ മുഹമ്മദ് സെയ്ദ് അൽ ജാബർ, പുതിയ മന്ത്രിസഭാംഗങ്ങൾ എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവരെ സുരക്ഷിതമായി നഗരത്തിലെ പ്രസിഡന്റ് കൊട്ടാരത്തിലേക്ക് മാറ്റിയതായി ദൃസാക്ഷികളും സഊദി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു.
ആദ്യം അഞ്ചു പേർ മരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നതെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡസനിലധികം ആളുകൾ മരിച്ചതായാണ് കണക്കുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സർക്കാർ പ്രതിനിധികൾക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക് വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂതികളാണെന്നാണ് റിപ്പോർട്ടുകൾ.
[video width="1280" height="720" mp4="https://suprabhaatham.com/wp-content/uploads/2020/12/2020_12_30_16_59_28_TWT_7nh5DintFDCD.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."