ഹൈക്കോടതി ഉത്തരവ് പാലിക്കാതെ സര്‍ക്കാര്‍
മലപ്പുറം: നിയമാനുസൃതമായ എല്ലാവിധ സൗകര്യങ്ങളുമുണ്ടായിട്ടും സംസ്ഥാനത്തെ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നടപടിയുണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയും പരിഗണിച്ച് അംഗീകാരം കാത്തു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും സമയപരിധി കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ല.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്‌കൂളുകളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടച്ചുപൂട്ടണമെന്ന് ഈ വര്‍ഷം ആദ്യം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ മറ്റ് സ്‌കൂളുകളിലേക്കു മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു.
സ്‌കൂളുകള്‍ പൂട്ടുമെന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നീക്കങ്ങള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2018 സെപ്റ്റംബര്‍ 15നകം കേരള സര്‍ക്കാര്‍ അംഗീകാര നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി വിധിയുണ്ടായിരുന്നത്. ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകളിലെ താല്‍പര്യമുള്ളവരില്‍നിന്ന് 2018 ഒക്ടോബര്‍ 15നകം അപേക്ഷ സ്വീകരിച്ച് അംഗീകാരം നല്‍കാന്‍ സി.ബി.എസ്.ഇ ബോര്‍ഡിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച സമയ പരിധി അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടാവാത്തതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ രണ്ടായിരത്തിലധികം സ്‌കൂളുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന സിലബസ് കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നീ സിലബസുകള്‍ പിന്തുടരുന്ന ഇവിടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമം വരുന്നതിനു മുമ്പേ സര്‍ക്കാരിന്റെ നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരംഭിച്ച സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ ബാധിക്കുമെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടത്.
ഹൈക്കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിയിലെ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഇതിനകം ഒറ്റപ്പെട്ട മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതി അലക്ഷ്യക്കേസ് ഒക്ടോബര്‍ 20ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."