കയാക്കിങ് ചാംപ്യന്‍ഷിപ്പിന് പുലിക്കയത്ത് തുടക്കമായി
അംജദ് ഖാന് റശീദി
തിരുവമ്പാടി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങിന് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ തുടക്കമായി. മഴ മാറിനിന്നെങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ അല്പം വൈകിയാണ് മത്സരം ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശിഷ്ടാതിഥികള്‍ക്കായി റഷ്യന്‍ സ്വദേശി ഇവാന്, ഉത്തരാഖണ്ഡ് സ്വദേശികളായ ആശിഷ് റാവത്ത്, നയന്‍ പാണ്ഡെ എന്നിവര്‍ പങ്കെടുത്ത പ്രദര്‍ശന മത്സരം നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കയാക്കിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ നാഷനല്‍ കയാക്കിങ് മീറ്റില്‍ ജേതാവാണ് ആശിഷ് റാവത്ത്.
പുഴയുത്സവത്തില്
ഇന്ത്യന്‍ പടയോട്ടം
തിരുവമ്പാടി: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പടയോട്ടം. ഇന്നലെ നടന്ന പ്രൊഫഷനല്‍ ഇനമായ സ്ലോലോമിലാണ് ഇന്ത്യന്‍ താരങ്ങള്‍ തുഴയെറിഞ്ഞ് തകര്‍ത്താടിയത്.
ഉത്തരാഖണ്ഡ് സ്വദേശിയായ അമിത് താപ്പ ഒന്നും (1.26.95 മിനുട്ട് ) ആശിശ് റാവത്ത് രണ്ടും (1.28.92 മിനുട്ട് ) റഷ്യന്‍ താരം ഐവന്‍ മൂന്നും (1.29.56 മിനുട്ട് ) സ്ഥാനങ്ങള്‍ നേടി.അന്താരാഷ്ട്ര താരമായ റഷ്യന്‍ സ്വദേശി ഐവന്‍ തുഴച്ചിലിനിടയില്‍ ചുവന്ന ഗെയ്റ്റില്‍ തട്ടിയതിനാല്‍ പെനാല്‍റ്റി വഴങ്ങുകയായിരുന്നു. ഇതാണ് താരത്തിന് ഒന്നാം സ്ഥാനം നഷ്ടമാക്കിയത്.
വ്യാഴാഴ്ച നടന്ന ദേശീയ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്ന അമിത് താപ്പ ഇന്നലെ അന്താരാഷ്ട്ര മത്സരത്തില്‍ ഒന്നാമതെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."