തൊഴിലുറപ്പുകാരെ കൃഷിപ്പണിക്ക് ഉപയോഗപ്പെടുത്തണം
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ട ശ്രദ്ധേയമായ തീരുമാനങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവും. തൊഴിലുറപ്പുപദ്ധതികൊണ്ട് ഏറെ പ്രയോജനം ലഭിച്ചത് സ്ത്രീകള്‍ക്കാണ്. വന്‍കിടക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കൃഷിഭൂമികളിലും നാമമാത്രമായ കൂലിക്ക് ഉദയം മുതല്‍ അസ്തമയം വരെ തൊഴിലെടുത്തവരാണ് സ്ത്രീകള്‍. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രതിദിനം 229 രൂപ കൂലി ലഭിക്കുന്ന 100 തൊഴില്‍ ദിനങ്ങള്‍ നിയമപരമായ അവകാശമായി മാറിയപ്പോള്‍ അവര്‍ക്ക് ആരുടെ മുന്നിലും നട്ടെല്ലു വളയ്‌ക്കേണ്ടാത്ത അവസ്ഥയായി.
ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതി നിലവില്‍ വന്നത്.
എന്നാല്‍, സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി കൈക്കൊണ്ട മറ്റനേകം പദ്ധതികള്‍ പോലെ തൊഴിലുറപ്പുപദ്ധതിയും ഇപ്പോള്‍ അതിജീവനത്തിനുവേണ്ടി ഭരണാധികാരികളുടെ ഔദാര്യം കാത്തുകിടക്കുകയാണ്. നിശ്ചിതദിവസം തൊഴില്‍ ചെയ്തവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ തടസമില്ലാതെ വേതനം ലഭിച്ചത് പഴങ്കഥയായി മാറിയിരിക്കുന്നു.
ഭക്ഷ്യോല്‍പന്ന ലഭ്യതക്കുറവു കാരണം ഏറെ പ്രയാസവും സാമ്പത്തികനഷ്ടവും അനുഭവപ്പെടുന്ന സംസ്ഥാനമാണു കേരളം.
അതേസമയം, കൃഷിക്ക് അനുയോജ്യമായ ഭൂമി ഇവിടെ ധാരാളമായി തരിശായി കിടക്കുന്നുമുണ്ട്. ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാത്തതും ഉയര്‍ന്ന കൂലിയുമാണ് കൃഷിയിറക്കാന്‍ കര്‍ഷകരെ ഭയപ്പെടുത്തുന്നത്.
ജലക്ഷാമം തരണംചെയ്യാന്‍ കുളം വൃത്തിയാക്കുകയും കിണറു നിര്‍മിക്കുകയും താല്‍ക്കാലിക തടയണയുണ്ടാക്കുകയും ചെയ്യുന്നതില്‍ വേനല്‍ക്കാലത്തു സജീവമാകുന്ന തൊഴിലുറപ്പുകാര്‍ ഇടവപ്പാതിയോടെ പാതയോരത്തെ അടിക്കാടു വെട്ടിമാറ്റാനാണു നിയോഗിക്കപ്പെടുന്നത്. കാര്യമായ പ്രയോജനമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ക്കു പകരം കൃഷിപ്പണിയില്‍ അവരുടെ സേവനം ലഭ്യമാക്കിയാല്‍ കാര്‍ഷികമേഖല രക്ഷപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."