അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ അറബി ഭാഷ പടിക്കുപുറത്ത്
കാസര്‍കോട്: അതിര്‍ത്തി ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറബി ഭാഷ പടിക്കുപുറത്ത്. ഇതേതുടര്‍ന്ന് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറബി പഠനം നടത്താന്‍ സാധിക്കുന്നില്ല. മഞ്ചേശ്വരം മണ്ഡലത്തിലെ ബേക്കൂര്‍ ഗവ. ഹൈസ്‌കൂളില്‍ 800 ഓളം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്നുണ്ട്. എന്നാല്‍ സ്‌കൂളില്‍ അറബി ഭാഷ പടിക്കുപുറത്താണ്. ഇതിനു പുറമെ മണ്ഡലത്തിലെ പൈവളിഗെ കയര്‍ക്കട്ട ഗവ. ഹൈസ്‌കൂള്‍, മഞ്ചേശ്വരം തുമിനാട് ഗവ. സ്‌കൂള്‍, ഹൊസങ്കടി ബങ്കര മഞ്ചേശ്വരം ഗവ. സ്‌കൂള്‍, കുഞ്ചത്തൂര്‍ ഗവ. സ്‌കൂള്‍ തുടങ്ങിയ ഹൈസ്‌കൂളുകളിലാണ് അറബി ഭാഷ പഠനത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തത്.
അതേസമയം പ്രസ്തുത സ്‌കൂളുകളില്‍ അറബി പഠനത്തിന് തടസം നില്‍ക്കുന്നത് മലയാളം, കന്നഡ ഭാഷാ അധ്യാപകരാണെന്ന് പൊതുജനങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അധ്യയന വര്‍ഷ തുടക്കത്തിന്റെ ആറാം ദിവസത്തില്‍ ഇതു സംബന്ധമായ വിവരങ്ങള്‍ വകുപ്പിലെ മേലുദ്യോഗസ്ഥര്‍ക്ക് അറിയിച്ചാല്‍ അറബി അധ്യാപക തസ്തിക നിയമനം നടക്കുമെങ്കിലും ഇതിനു മലയാളം, കന്നഡ ഭാഷാ അധ്യാപകര്‍ തയാറാകുന്നില്ല. അറബി അധ്യാപക തസ്തിക സ്‌കൂളില്‍ അനുവദിച്ചാല്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് അധ്യാപകരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ഈ അഞ്ചു സ്‌കൂളുകളില്‍ ഓരോന്നിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ അഞ്ഞൂറിലധികം പഠനം നടത്തി വരവേ അറബി ഭാഷയെ പടിക്കു പുറത്തു നിര്‍ത്തുന്ന സ്‌കൂള്‍ അധികൃതരുടെ നടപടി രക്ഷിതാക്കളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. അറബി വിഷയം പഠിക്കുന്നതിനു വേണ്ടിയുള്ള ഡിക്ലറേഷന്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷം ഇവ ഉന്നതങ്ങളില്‍ കൈമാറാതെ അധ്യാപകര്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നതായുള്ള ആരോപണങ്ങളും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉന്നയിക്കുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ ചില സ്‌കൂളുകളില്‍ മലയാള ഭാഷക്കും അയിത്തം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.
എന്നാല്‍ കുട്ടികളില്‍ ഭൂരിഭാഗവും മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നിട്ടും അറബി ഭാഷയെ പടിക്കുപുറത്ത് നിര്‍ത്താന്‍ എല്ലാ അധ്യയന വര്‍ഷവും മലയാളം, കന്നഡ ഭാഷാ അധ്യാപകര്‍ ശ്രമം നടത്തുന്നത് ജില്ലാ എജുക്കേഷന്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതു സംബന്ധമായി സ്‌കൂള്‍ പരിധികളിലെ ഒട്ടനവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇവയൊന്നും പരിഗണിക്കുന്നില്ലെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിക്കുന്നത്.
സംസ്ഥാന അതിര്‍ത്തിക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന തുമിനാട് സ്‌കൂളില്‍ ഉള്‍പ്പെടെ ഭാഷാ പഠനത്തില്‍ വിവേചനം കാണിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ചത്തൂര്‍ സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ ഈ വര്‍ഷം അറബി പഠനം താല്‍ക്കാലികമായി തുടങ്ങിയിട്ടുണ്ട്. മറ്റു നാലു സ്‌കൂളുകളില്‍ കൂടി അറബി പഠനം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."