കോണ്‍ഗ്രസുമായുള്ള വാതില്‍ അടക്കാതെ സി.പി.എം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു മുന്‍പായി ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ രൂപപ്പെട്ടുവരുന്ന വിശാലസഖ്യത്തിന്റെ ഭാഗമാവില്ലെങ്കിലും കോണ്‍ഗ്രസുമായുള്ള വാതില്‍ കൊട്ടിയടക്കാതെ സി.പി.എം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യത്തില്‍ ചേരില്ലെങ്കിലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിനു ശേഷവും പ്രാദേശികതലത്തിലുള്ള സഹകരണങ്ങള്‍ തള്ളേണ്ടതില്ലെന്നും ഇന്നലെ ഡല്‍ഹിയില്‍ സമാപിച്ച മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പ് ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങള്‍ അപ്പോള്‍ നോക്കാമെന്നു വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുന്‍പ് പരസ്പരം മല്‍സരിച്ചെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനു പിന്തുണ കൊടുത്ത 2004ലേതടക്കമുള്ള ഉദാഹരണങ്ങളും യെച്ചൂരി ചൂണ്ടിക്കാട്ടി,
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക, ലോക്‌സഭയില്‍ ഇടതുപക്ഷ അംഗങ്ങളുടെ സീറ്റ് വര്‍ധിപ്പിക്കുക, തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി വിരുദ്ധ മതേതര സര്‍ക്കാര്‍ വരുമെന്ന് ഉറപ്പുവരുത്തുക എന്നീ മൂന്നു തീരുമാനങ്ങളാണ് കേന്ദ്രകമ്മിറ്റി കൈക്കൊണ്ടത്. ഹൈദരാബാദ് സമ്മേളന തീരുമാനമനുസരിച്ച് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിനു മുന്‍പ് സഖ്യമുണ്ടാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതുമുന്നണി ബാനറിലും പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സ്വാധീന മേഖലകളില്‍ ബി.ജെ.പിയിതര കക്ഷികളുമായി സഹകരിച്ചുമാവും തെരഞ്ഞെടുപ്പിനെ നേരിടുക. പാര്‍ട്ടിക്ക് സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനായി കോണ്‍ഗ്രസടക്കമുള്ള മതേതരകക്ഷികള്‍ക്ക് വോട്ട്‌ചെയ്യുക എന്നതാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. കോണ്‍ഗ്രസുമായി നേരിട്ടു സഖ്യം പാടില്ലെങ്കിലും തമിഴ്‌നാട്‌പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടി അംഗമായ മുന്നണിയുടെ ഭാഗമാവുന്നതില്‍ തെറ്റുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രം പാര്‍ട്ടി മല്‍സരിക്കും. അല്ലാത്തിടങ്ങളില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കും. തെലങ്കാനയില്‍ ടി.ആര്‍.എസ്സിനെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ നിലകൊള്ളും. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാവാതെ ഇടതുസംഘടനകളുടെ കൂട്ടായ്മയുണ്ടാക്കി മത്സരിക്കുമെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."