ഐക്യമില്ലാത്ത പ്രതിപക്ഷം; നേതൃത്വമില്ലാത്ത കോണ്‍ഗ്രസ്
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ പതിവില്‍നിന്ന് വ്യത്യസ്തമായി നിരവധി സുപ്രധാന ബില്ലുകളാണ് അവതരിപ്പിച്ചത്. വിവരാവകാശ നിയമ ഭേദഗതി, എന്‍.ഐ.എ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കി. യു.എ.പി.എ ഭേദഗതി, മുത്വലാഖ് തുടങ്ങിയവ രാജ്യസഭ കടക്കാനുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. പാര്‍ലമെന്റിന്റെ സ്ഥിരം സമിതികളുടെയും സെലക്ട് കമ്മിറ്റികളുടെയും പരിശോധനയ്ക്ക് വിധേയമാക്കാതെ ബില്ലുകള്‍ പാസാക്കുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ ശബ്ദം രാജ്യസഭയില്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
14ാം ലോക്‌സഭയില്‍ 60 ശതമാനം ബില്ലുകളും 15ാം ലോക്‌സഭയില്‍ 71 ശതമാനം ബില്ലുകളും പാര്‍ലമെന്ററി സമിതികളുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇത് 26 ശതമാനമായി കുറഞ്ഞു. 17ാം ലോക്‌സഭയില്‍ 14 ബില്ലുകള്‍ പാസാക്കിയപ്പോള്‍ ഒരു ബില്‍ പോലും പാര്‍ലമെന്ററി സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടിട്ടില്ല. ഒന്‍പത് ബില്ലുകള്‍ കൂടി പാസാക്കാനിരിക്കുകയാണ്.
ലോക്‌സഭയില്‍ കൊണ്ടുവരുന്ന ബില്ലുകള്‍ എന്‍.ഡി.എ സര്‍ക്കാരിന് അനായാസം പാസാക്കാനുള്ള മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് മുന്‍തൂക്കം. എന്നാല്‍ ഏറെ പ്രധാനപ്പെട്ട വിവരാവകാശ നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ളവയെ എതിര്‍ത്ത് പരാജയപ്പെടുത്താനോ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഐക്യത്തോടെ ഉയര്‍ത്താനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അടര്‍ത്തി ചാക്കിലാക്കാനായി ഭീഷണിയും വാഗ്ദാനവും ഉള്‍പ്പെടെ എല്ലാവിധ അടവുകളും കേന്ദ്രം പുറത്തെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലെ കരടായിരുന്നു വിവരാവകാശ നിയമം. മോദിക്ക് ബിരുദം ലഭിച്ചെന്ന് പറയുന്ന 1978ലെ ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ രേഖകള്‍ പരിശോധിക്കാനുള്ള ഉത്തരവും വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലെ വ്യാജ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കിയതുമുള്‍പ്പെടെയുള്ള കാരണങ്ങളാലാണ് വിവരാവകാശത്തെ കടലാസ് പുലിയാക്കുന്ന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ആസൂത്രണ കമ്മിഷനെ ഇല്ലാതാക്കിയതുപോലെ വിവരാവകാശത്തെയും കൊല്ലുകയാണ്. രാജ്യസഭയില്‍ വിവരാവകാശ ഭേദഗതി ബില്‍ പാസാവില്ലെന്നാണ് കരുതിയതെങ്കിലും നവീന്‍ പട്‌നായിക്കിനും ചന്ദ്രശേഖര്‍ റാവു, ജഗന്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളിലേക്കും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിപോയതോടെ കാര്യങ്ങള്‍ തീരുമാനമായി. വിവരാവകാശ നിയമം പാസാക്കി പുറത്തിറങ്ങിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ എം.പിയോട് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തങ്ങളുടെ മുഖ്യമന്ത്രിക്കെതിരേ 19 കേസുകളാണുള്ളതെന്ന മറുപടിയാണ് ലഭിച്ചത്. ഇതില്‍നിന്ന് മനസിലാക്കാം എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്രം വരുതിയിലാക്കുന്നതെന്ന്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ നിന്നാല്‍ ബില്ലുകള്‍ പെട്ടെന്ന് പാസാക്കുന്നതിനെതിരേയും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും ശക്തമായ പോരാട്ടം നടത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഐക്യമുണ്ടാക്കാന്‍ അനുയോജ്യമായ നേതാവെവിടെയെന്നതാണ് പ്രശ്‌നം. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കുകൂടി സമ്മതനായ നേതാവില്ലെന്നതാണ് വസ്തുത. ബംഗാളില്‍ നിന്നുള്ള എം.പിയായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ്. എന്നാല്‍ മമതാ ബാനര്‍ജിയുമായി അധീര്‍ ചൗധരിക്ക് അത്ര സുഖകരമായ ബന്ധമല്ലയുള്ളത്. ലോക്‌സഭയില്‍ എടുക്കേണ്ട തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മമതയുമായി ചര്‍ച്ച ചെയ്യാന്‍ ഇദ്ദേഹം പകരക്കാരനെ ചുമതലപ്പെടുത്തുകയാണ് പതിവ്. അധീര്‍ ചൗധരിയുടെ തീരുമാനങ്ങള്‍ മമതക്ക് പിടിക്കാത്തതിനാല്‍ പല വിഷയങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒറ്റക്കെട്ടായി പൊരുതാന്‍ കഴിയാറില്ല. ഇതേ നേതൃത്വമില്ലായ്മയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും ഇപ്പോള്‍ നേരിടുന്നത്.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുല്‍ഗാന്ധി പിന്‍മാറിയിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ തല്‍സ്ഥാനത്തൊരാളെ നിയമിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് പ്രതിപക്ഷത്തെ നയിക്കാനുള്ള പാര്‍ട്ടിയുടെ ദുര്‍ബലതയെയാണ് വെളിപ്പെടുത്തുന്നത്. ഈ അവ്യക്തതയില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്നാണ് തരൂര്‍ തുറന്നടിച്ചത്. 'കോണ്‍ഗ്രസില്‍ തങ്ങള്‍ അനുഭവിക്കുന്ന വിഷമാവസ്ഥക്ക് കൃത്യമായ ഉത്തരമില്ല. നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തത കുറവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും വേദനിപ്പിക്കുന്നതാണ്. നിര്‍ണായക തീരുമാനങ്ങളെടുക്കുകയും പ്രചോദനവും ഊര്‍ജവും നല്‍കി പ്രവര്‍ത്തകരെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വം ഇല്ലാതായെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ നേതൃത്വമുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം തടയിടാന്‍ ഒരു പരിധിവരെ സാധിക്കുമായിരുന്നു.
തരൂരിന്റേത് സ്വാഭാവിക വിമര്‍ശനമാണെന്ന് പ്രസ്താവിച്ച് ഈ പ്രതിസന്ധിയെ നേതൃത്വത്തിന് ഒതുക്കാനാവുമെങ്കിലും അദ്ദേഹത്തിന്റേത് വസ്തുതാപരമായ വിലയിരുത്തലാണെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂടത്തില്‍നിന്ന് തന്നെ ഭീഷണികള്‍ നേരിടുമ്പോള്‍ ഇതിനെതിരേ മുന്നണി പോരാളികളായി പൊരുതേണ്ട കോണ്‍ഗ്രസ് നേതൃത്വമില്ലാതെ വലയുന്നത് എന്‍.ഡി.എ ഭരണത്തിന് കരുത്തു കൂട്ടുകയേയുള്ളൂ. പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തി പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിര്‍ത്തി ശക്തമായ പോരാട്ടം നയിക്കുകയെന്നുള്ളതാണ് കോണ്‍ഗ്രസിനോട് കാലം തേടുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."