'ഉടന്‍ മാഡ്രിഡിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ'
മാഡ്രിഡ്: റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സ്‌പെയിനില്‍ മാര്‍ക്ക ലയോണ്ട പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മനസ് തുറന്നത്. എനിക്ക് ഒരുപാട് അനുഭവങ്ങള്‍ തന്നിട്ടുള്ള നഗരമാണ് മാഡ്രിഡ്. ഫുട്‌ബോളില്‍ മാത്രമല്ല, എന്റെ വ്യക്തി ജീവിതത്തിലും. എന്നാലും എന്റെ ക്ലബാണ് എന്നെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. റയല്‍ മാഡ്രിഡില്‍നിന്ന് പോയതിന് ശേഷവും എന്റെ കരിയര്‍ നന്നായി മുന്നോട്ട് പോകുന്നു. റയല്‍ മാഡ്രിഡ് വിടുക എന്ന കാര്യം എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷവും ഞാന്‍ പരാജയപ്പെട്ടിട്ടില്ല. ഇറ്റാലിയന്‍ കപ്പില്‍ മുത്തമിട്ടു, പോര്‍ച്ചുഗലിനൊപ്പം യുവേഫ നാഷന്‍സ് കപ്പും സ്വന്തമാക്കി. ഇപ്പോള്‍ ഞാന്‍ അടുത്തൊരു ബാലന്‍ ഡി ഓറിലേക്ക് അടുക്കുകയാണ്. എന്റെ 11 മത്തെ വയസില്‍ മാതാപിതാക്കളെ വിട്ട് ലിസ്ബണിലേക്ക് പോകേണ്ടി വന്നു. എന്റെ ഭാവി തിരഞ്ഞുള്ള യാത്രയായിരുന്നു ഇത്. ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടിയ നിമിഷം. ഒരിക്കലും ഒരു ഗോള്‍ഡന്‍ ബോള്‍ പോലും ലഭിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍ 18 മത്തെ വയസില്‍ ഞാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളറായി. പിന്നീട് ഞാന്‍ ബാലന്‍ ഡി ഓറിനെ കുറിച്ച് ചിന്തിച്ചുതുടങ്ങി. മാഞ്ചസ്റ്ററും മാഡ്രിഡും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്. എന്നാലും ഇഷ്ടം മാഡ്രിഡിനോടാണ്.
എന്റെ മക്കള്‍ ജനിച്ചത് ഇവിടെയാണ്. ഇപ്പൊഴും ഞാനെന്റെ പ്രിയപ്പെട്ട നഗരത്തെ മിസ് ചെയ്യുന്നു. എല്ലാ കിരീടങ്ങളും എന്റെ ജീവിതത്തിലെ വിലപ്പെട്ടതാണ്.
എന്നാല്‍ യൂറോ കിരീടം അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ചാംപ്യന്‍സ് ലീഗിലെ അവസാന സീസണ്‍ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എല്ലാവരും മികച്ച ടീമായിരുന്നു. യുവന്റസ് ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം.
വീണ്ടും എന്റെ നഗരത്തിലേക്കെത്തുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ പല സിറ്റികളിലും പോകുന്ന ആളാണ്. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല സിറ്റിയാണ് മാഡ്രിഡ്, അത് കൊണ്ടാണ് എനിക്കീ സിറ്റിയെ ഇഷ്ടപ്പെടാന്‍ കഴിയുന്നതും. എത്രയും പെട്ടെന്ന് ഇവിടേക്ക് തിരിച്ചെത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ-അവാര്‍ഡ്ദാന ചടങ്ങില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."