ക്രിമിനലുകള്‍ക്കുള്ള സംരക്ഷണം നിര്‍ത്തണം: പ്രിയങ്ക
ന്യൂഡല്‍ഹി: ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചത്. ഇതെത്തുടര്‍ന്ന് അല്‍പ സമയത്തേക്ക് ലോക്‌സഭ തടസപ്പെട്ടു. സ്പീക്കറുടെ പോഡിയത്തിനടുത്തേക്ക് ചെന്ന് മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം മറ്റു പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും ചേര്‍ന്നു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സഭ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയാണ് വിഷയം ഉന്നയിച്ചത്. കേസിനെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയം സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി മറുപടി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അവഹേളിക്കാനാണ് ശ്രമമെന്നും ബി.ജെ.പി അംഗങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ കേസിലെ ഇരയുടെയും സാക്ഷികളുടെയും സുരക്ഷ ആരുടെ ഉത്തരവാദിത്തമായിരുന്നുവെന്ന് ആദിര്‍ ചൗധരി തിരിച്ചു ചോദിച്ചു. പിന്നാലെയാണ് ബഹളം തുടങ്ങിയത്.
അതേസമയം പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. കുല്‍ദീപ് സെന്‍ഗറിന് ഇപ്പോഴും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അവര്‍ വിമര്‍ശനം ഉന്നയിച്ചത്. കുല്‍ദീപിനെപോലുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും അധികാരവും നല്‍കുന്നത് എന്തിനാണെന്ന് ചോദിച്ച പ്രിയങ്ക, ദൈവത്തെയോര്‍ത്ത് ഇനിയെങ്കിലും ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കാതിരിക്കണമെന്നും അവര്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. കുല്‍ദീപ് സെന്‍ഗര്‍ ക്രിമിനലാണ്. അദ്ദേഹത്തിനും സഹോദരനും നല്‍കുന്ന രാഷ്ട്രീയ സംരക്ഷണം നിര്‍ത്തണമെന്ന് പ്രിയങ്ക പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."