അപകടം വിട്ടൊഴിയാതെ പാവിട്ടപ്പുറം
ചങ്ങരംകുളം: അപകടം വിട്ടൊഴിയാത്ത പാതയാവുകയാണ് പാവിട്ടപ്പുറം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാവിട്ടപ്പുറം ആണ്ട് നേര്‍ച്ചക്കിടെ ആള്‍കൂട്ടത്തിലേക്ക് ലോറി പാഞ്ഞ് കയറി നിരവധി പേര്‍ മരിച്ച അപകടം മുതല്‍ തുടങ്ങുന്നു പാവിട്ടപ്പുറം എന്ന അപകടപാതയിലെ മനുഷ്യക്കുരുതികള്‍.
ഇറക്കത്തോടൊപ്പമുള്ള വളവും റോഡിന്റെ ചെരിവും ഇതിനു നടുവിലായുള്ള ജങ്ഷനുമാണ് അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നത്. കോലിക്കര കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് പാവിട്ടപ്പുറം സെന്ററിലൂടെ കടന്ന് പോകുന്നത്. പ്രദേശത്ത് സ്‌കൂളുകളും കൊളജുകളും മദ്‌റസകളും സ്ഥിതി ചെയ്യുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്‌റസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ടിപ്പര്‍ ലോറി പാഞ്ഞു കയറി പാവിട്ടപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചതും രാവിലെ നടക്കാനിറങ്ങിയ വൃദ്ധന്റെ ശരീരത്ത് ലോറി കയറി മരിച്ചതും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന മലപ്പുറം സ്വദേശികളായ ഒരു കുടുബത്തിലെ മുഴുവന്‍ പേരും മരിച്ചതും ഇതേ പാതയിലാണ്. കഴിഞ്ഞ ദിവസം സെന്ററില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചു കടക്കവേയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. നിരവധി തവണ നാട്ടുകാരും ഹൈവേ ജാഗ്രതാ സമിതിയും പൊലിസ് സ്റ്റേഷന്‍ വഴി സംസ്ഥാന പാതാ അതോറിറ്റിക്ക് അപകടം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ നിവേദനം നല്‍കിയിട്ടും ഇതുവരേയും നടപടിയായിട്ടില്ല. വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സമയങ്ങളിലെങ്കിലും തല്‍ക്കാലിക വേഗത നിയന്ത്രണ സംവിധാനം നടപ്പിലാക്കാന്‍ പൊലിസിനോടും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തോടും കഴിഞ്ഞ ദിവസത്തെ അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."