കേരളത്തിലെ ദേശീയപാത വികസനം: തടസങ്ങള്‍ നീങ്ങിയെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ക്രമാതീതമായ ചെലവായിരുന്നു ഏറ്റവും പ്രധാനപ്പെട്ട തടസം. ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന തീരുമാനത്തോടെ ദേശീയ പാത വികസനം ഇനി സുഗമമായി നടക്കും.
കഴിഞ്ഞ മാസം 15ന് ഗഡ്കരിയുമായി ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. തടസങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളാണ് കൈക്കൊണ്ടത്. ഇന്നലെ പാര്‍ലമെന്റ് ഹൗസിലെ മന്ത്രിയുടെ ഓഫിസില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ നടപടികള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 45മീറ്റര്‍ പാതയായി കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്‌നം കണക്കിലെടുത്ത് രൂപകല്‍പനയില്‍ പരമാവധി മാറ്റം വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ബൈപാസിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കും. വടക്കഞ്ചേരി- തൃശൂര്‍ ആറു വരി പാതയിലെ കുതിരാന്‍ തുരങ്ക നിര്‍മാണം സ്തംഭിച്ചിട്ട് നാളുകളായി. കരാറുകാരന്‍ പണി ഉപേക്ഷിച്ചതാണ് പ്രധാന തടസം. ഇക്കാര്യത്തില്‍ ബദല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ തടസങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."