നവകേരള ലോട്ടറി പാളുന്നു
കൊച്ചി: പ്രളയദുരിതത്തില്‍നിന്നു കേരളത്തെ കരകയറ്റുന്നതിനെന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ വില്‍പ്പന പാളുന്നു. ലോട്ടറിയോട് ജനങ്ങള്‍ വിമുഖത കാട്ടിയതോടെയാണ് വില്‍പ്പന കൂപ്പുകുത്തിയത്. ഒരു മാസം കൊണ്ടു ടിക്കറ്റ് വില്‍പ്പനയിലൂടെ 90 കോടിയോളം രൂപ സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇതുവരെ 15 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്ക്കാന് സാധിച്ചത്. 250 രൂപയാണ് ടിക്കറ്റിന്റെ വില. 90 പേര്‍ക്ക് ഒരു ലക്ഷം രൂപ ഒന്നാം സമ്മാനവും 1,00,800 പേര്‍ക്ക് 5,000 രൂപ വീതം രണ്ടാം സമ്മാനവുമാണ് ലഭിക്കുക. ഈ സമ്മാനം നല്‍കുന്നതിനായി ആറു കോടി രൂപയാണ് ചെലവ്.
90 കോടി ലക്ഷ്യമിട്ട് ആരംഭിച്ച ടിക്കറ്റ് വില്‍പ്പനയിലൂടെ ഇതുവരെ സമാഹരിച്ചത് 40 കോടി രൂപമാത്രമാണ്. ടിക്കറ്റ് വില്‍പ്പന കുറഞ്ഞതോടെ ഈ മാസം മൂന്നിന് നടത്തേണ്ടിയിരുന്ന ഫലപ്രഖ്യാപനം 15ലേക്ക് മാറ്റിയിരുന്നു.
ലോട്ടറിയുടെ പ്രചാരണത്തിനായി മന്ത്രിമാരും എം.എല്‍.എമാരും നേരിട്ടു രംഗത്ത് എത്തിയിരുന്നു. വലിയ രീതിയിലുള്ള പരസ്യ പ്രചാരണങ്ങളും ലോട്ടറിക്കു വേണ്ടി നടത്തിയെങ്കിലും ജനം ലോട്ടറിയെ കൈവിടുകയായിരുന്നു. ഇതുകൂടാതെ അയല്കൂട്ടങ്ങള് വഴിയും മറ്റു സംഘടനകള്‍ വഴിയും നിര്‍ബന്ധിതമായി ലോട്ടറി വിറ്റഴിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ വിജയിക്കാതെ പോയി.
ലോട്ടറിയോടു സാധാരണക്കാര്‍ക്ക് താല്പര്യമില്ലാത്തതും എടുക്കുന്നവര്ക്കാകട്ടെ സമ്മാനത്തുക കുറഞ്ഞതുമാണ് നവകേരള ലോട്ടറി വിജയിക്കാത്തതെന്നു വില്‍പ്പനക്കാര്‍ പറയുന്നു. വില്‍പ്പനയ്ക്കായി വാങ്ങിയ ടിക്കറ്റുകള്‍ ആരും വാങ്ങാത്തതിനാല്‍ കച്ചവടക്കാരുടെ കൈയില്‍തന്നെയാണ്. ഇതുമൂലം വലിയ നഷ്ടമാണ് ഇവര്‍ക്കുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."