മലയാള ഭാഷാ ആഘോഷം തകൃതി: ഗവണ്‍മെന്റ് ഉത്തരവുകളെല്ലാം ഇംഗ്ലീഷില്‍
വടക്കാഞ്ചേരി: സംസ്ഥാനത്ത് ആഘോഷ മേളമൊരുക്കി മലയാള ഭാഷ ആഘോഷം പൊടിപൊടിക്കുമ്പോഴും ഗവണ്‍മെന്റ് ഉത്തരവുകളെല്ലാം ഇംഗ്ലീഷില്‍. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവുകളാണ് ഭൂരിഭാഗവും ഇംഗ്ലീഷില്‍ ഇറങ്ങുന്നത്. ഇതിനെതിരെ മുള്ളൂര്‍ക്കര സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി എം.എന്‍ സോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ഇംഗ്ലീഷില്‍ ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ജനുവരി 21 ന് സാധാരണക്കാര്‍ക്ക് വേണ്ടി ഇറക്കിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉത്തരവ് ഇംഗ്ലീഷിലായിരുന്നു പുറത്തിറങ്ങിയത്. ഇതിനെതിരെ ഉത്തരവ് മലയാളത്തില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ഉത്തരവിന്റെ മലയാള പരിഭാഷ ലഭ്യമല്ലായെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് എം.എന്‍ സോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇക്കാര്യം പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് മലയാളത്തിലാക്കി പരാതിക്കാരന് ലഭ്യമാക്കണമെന്ന് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടു. കൂടാതെ ഓരോ വകുപ്പിന്റെയും ഭാഷാ മാറ്റ നടപടികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും ഇതില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും സോദരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."