വിശദീകരണവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി
ന്യൂഡല്‍ഹി: മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഖജാഞ്ചി പി.വി അബ്ദുല്‍ വഹാബ്. വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്ന പ്രചാരണം തെറ്റാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി സമയം വാങ്ങിയിരുന്നു. ബില്ലിലെ എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളെല്ലാം നോട്ട് ചെയ്ത് പ്രസംഗത്തിന് തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ അനാരോഗ്യംമൂലം സഭയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. ഈ സമയത്താണ് പ്രസംഗത്തിനായി പേര് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളില്‍ പിന്നീട് അവസരം നല്‍കുകയെന്നതാണ് കീഴ്‌വഴക്കം. സഭയില്‍ എത്തിയ ശേഷം ഇത് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ബില്ലിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കി എഴുതി തയാറാക്കിയ പ്രസംഗം സഭയുടെ മേശപ്പുറത്തു വച്ച ശേഷം എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കിലും ബില്‍ പാസായി. ഒന്നാം മോദി സര്‍ക്കാര്‍ മുത്വലാഖ് ബില്‍ കൊണ്ടുവന്നപ്പോള്‍ ലോക്‌സഭയില്‍ ഒറ്റയ്ക്കാണ് മുസ്‌ലിംലീഗ് എതിരിട്ടത്. ഇത്തവണയും ലോക്‌സഭയില്‍ ലീഗ് ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി ഭേദഗതികൊണ്ടുവന്നെങ്കിലും എന്‍.ഡി.എക്ക് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ അതു വിജയിച്ചില്ല.
ഇതിന്റെ തുടര്‍ച്ചയായി രാജ്യസഭയിലും മുത്വലാഖ് ബില്ലിനെ ശക്തമായി എതിര്‍ക്കുക എന്ന നിലപാടാണ് ലീഗ് കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."