പ്രളയസെസ് നിലവില്‍ വന്നു; വിലക്കയറ്റ ഭീഷണിയും
തിരുവനന്തപുരം: നൂറ്റാണ്ടുകണ്ട മഹാപ്രളയത്തിനു സാക്ഷിയായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഇന്നലെ മുതല്‍ നിലവില്‍ വന്നു. വന്‍ വിലക്കയറ്റത്തിലേക്കായിരിക്കും ഇത് സംസ്ഥാനത്തെ നയിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനവിലയിലാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതെന്നും എം.ആര്‍.പിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നുമുളള ധനവകുപ്പ് വാദം തളളി എം.ആര്‍.പിയുടെ സ്ഥാനത്ത് സെസ് കൂടി ചേര്‍ത്ത് സ്റ്റിക്കര്‍ പതിച്ച് വില്‍പന നടത്താനുള്ള വ്യപാരികളുടെ തീരുമാനം വിലക്കയറ്റ സൂചനയാണ് നല്‍കുന്നത്.
രണ്ടു വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ 1,200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അഞ്ച് ശതമാനത്തിനു മുകളില്‍ ജി.എസ്.ടിയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വിലയാണ് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വര്‍ധിക്കുക. ഇത്തരത്തില്‍ ജി.എസ്.ടി പട്ടികയില്‍ വരുന്ന 928 ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. 100 രൂപയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് പ്രളയസെസ് വരിക. സ്വര്‍ണാഭരണങ്ങള്‍ക്ക് കാല്‍ ശതമാനം പ്രളയസെസ് നല്‍കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഇനിമുതല്‍ 71 രൂപ മുതല്‍ മുകളിലേക്കുള്ള വര്‍ധന സ്വര്‍ണാഭരണങ്ങള്‍ക്കുണ്ടാകും.
പ്രളയ സെസ് നടപ്പായതോടെ എം.ആര്‍.പിയില്‍ മാറ്റം വരുത്തി സെസ് കൂടി ഉള്‍പ്പടുത്തിയുള്ള സ്റ്റിക്കര്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കിയത്. എന്നാല്‍ എം.ആര്‍.പി വിലയെക്കാള്‍ കൂടിയ വിലക്ക് ഉള്‍പ്പന്നങ്ങള്‍ വിറ്റാല്‍ നടപടിയെടുക്കുമെന്നാണ് ജി.എസ്.ടി. വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന വിശദീകരണം. നടപടിയുമായി വന്നാല്‍ വ്യാപാരികള്‍ എതിര്‍ക്കുമെന്നും ടി.നസറുദ്ദീന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതുപോലെ പ്രളയസെസ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വില കൂടിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ സംസ്ഥാനത്തിനു പുറത്തേക്കു പോകുമെന്ന ആശങ്ക വ്യാപാരികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."