ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കേസ് സി.ബി.ഐയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹരജി അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ കക്ഷി ചേര്‍ക്കാതെയാണ് ഹരജിക്കാര്‍ സിംഗിള്‍ ബെഞ്ചില്‍ ഹരജി സമര്‍പ്പിച്ചത്. ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കിയാണ് അപ്പീല്‍ അനുവദിച്ചത്. സിംഗിള്‍ ബെഞ്ചില്‍ ഹരജി പരിഗണനയിലിരിക്കുമ്പോള്‍ തന്നെ കേസില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആയുധം കണ്ടെത്തുകയും ചെയ്‌തെന്ന് സര്‍ക്കാര്‍ കോടതി അംഗീകരിച്ചു.
ഗുരുതരമായ കുറ്റകൃത്യങ്ങളുണ്ടായാല്‍ ശരിയായ അന്വേഷണം നടത്തി പൗരനു നിയമസംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നു കോടതി വ്യക്തമാക്കി. കൂടാതെ പൗരന്റെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കുമ്പോള്‍ തന്നെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നു ജാഗ്രതയോടെ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അവസരങ്ങളില്‍ ഹരജിക്കാര്‍ ക്രിമിനല്‍ കോടതിയെ സമീപിച്ചു കുറ്റപത്രങ്ങളിലെ അപാകതകള്‍ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."